സ്വന്തം ലേഖകൻ
വടകര : രണ്ടു കുട്ടികളുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ മഹാശിവക്ഷേത്രത്തിനുസമീപം മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. പാലക്കാട് നെന്മാറ അയിലൂർ തേർഡ് സ്ട്രീറ്റിലെ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടെയും മകളാണ് അഖില.
കിണറിന് സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തെങ്കിലും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ശനിയാഴ്ച രാത്രി പാനൂരിൽ പൂജയ്ക്കായി പോയ നിതീഷ് ഞായറാഴ്ച്ച ഉച്ചയോടെ തിരിച്ചെത്തിയതിന് ശേഷമാണ് യുവതി കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്ത വിവരം പുറത്തറിയുന്നത്.
ഞായറാഴ്ച രാവിലെ അഖിലയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിലെത്തിയ നിധീഷ് ഭാര്യയെയും മക്കളെയും കാണാത്തതിനെത്തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഒരു കുട്ടിയെ കണ്ടത്. നിധീഷ് ഒച്ചവെച്ച് പരിസരവാസികളെ കൂട്ടി. തുടർന്ന് നാട്ടുകാർ ഇറങ്ങി ഇളയകുട്ടി വൈഭവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് വടകരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അഖിലയെയും മൂത്തമകൻ കശ്യപിനെയും പുറത്തെടുത്തത്. കശ്യപിനെ അഖിലയുടെ ശരീരത്തോട് തുണികൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു.
നിധീഷിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും അസുഖബാധിതരായതിനാൽ ഒന്നുമറിഞ്ഞിരുന്നില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിധീഷിനോട് ഇഷ്ടമാണെന്നും അടുത്തജന്മത്തിൽ ഒന്നിച്ചുജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിലുണ്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും കത്തിൽ പറയുന്നു.

0 Comments