banner

അഷ്ടമുടിയിൽ കോഴികളും താറാവുകളും ചത്ത് വീണു!, സംശയം തോന്നി പോസ്റ്റ്മോർട്ടം നടത്തിയതോടെ ഞെട്ടി നാട്ടുകാർ, കണ്ണില്ലാത്ത ക്രൂരത


അഷ്ടമുടി : അഷ്ടമുടിയിൽ വളർത്തു  കോഴികളും താറാവുകളും ചത്ത് വീണ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. വിഷാംശം ഉള്ളിൽ ചെന്നതിനാൽ ആണ് ഇവ കൂട്ടത്തോടെ ചത്തൊടുങ്ങുവാൻ കാരണം എന്നാണ് തേവള്ളി ജില്ലാ വെറ്റിനറി സെൻ്ററിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് അഷ്ടമുടി വലിയവിള വീട്ടിൽ എൽസി വളർത്തുന്ന 20 താറാവുകളും 20 കോഴികളും അവശനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചത്തു വീണത്. തുടർന്ന് കാഞ്ഞാവെളി വെറ്റിനറി ആശുപത്രിയിൽ വിവരം അറിയിക്കുകയും പരിശോധനയിൽ സംശയം തോന്നിയതോടെ തേവള്ളിയിലെ ജില്ലാ വെറ്റിനറി സെന്ററിൽ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. ഈ റിപ്പോർട്ടിലാണ് വിഷാംശമുള്ളിൽ ചെന്നാണ് ഇവകൾ ചത്തൊടുങ്ങിയത് എന്നാണ് സൂചിപ്പിക്കുന്നത്. ആരെങ്കിലും മനപ്പൂർവ്വം വിഷം കലർത്തിയ എന്തെങ്കിലും ഇവകൾക്ക് നൽകിയതാണോ എന്ന് സംശയം ഉടമസ്ഥൻ ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചവയ്ക്ക് പുറമേ ഒരു കോഴിയെ തലയറുത്ത നിലയിലും വീട്ടുകാർ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങളിൽ നിന്നെല്ലാം ആരോ മനപ്പൂർവ്വം ഇവയെ കൊന്നതാണെന്നാണ് വീട്ടുകാരും അനുമാനിക്കുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പോലീസിനെ സമീപിക്കുമെന്നും വീട്ടുകാർ അഷ്ടമുടി ലൈവിനോട് പറഞ്ഞു. മിണ്ടാപ്രാണികളോട് കാണിച്ച ക്രൂരതയിൽ നാട്ടുകാരും ആകെ ഞെട്ടലിലാണ്.

Post a Comment

0 Comments