കുണ്ടറ : സെൻ്റ് ജോസഫ് ഇൻ്റർനാഷണൽ അക്കാദമിയിലേക്ക് പ്രതിഷേധവുമായി വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ കുട്ടിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പണപ്പിരിവിൽ സുതാര്യതയില്ലെന്നും തുശ്ചമായ തുക മാത്രമാണ് കുട്ടിയുടെ ബന്ധുക്കൾക്ക് നൽകിയതെന്നുമാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. മാത്രമല്ല സ്കൂളിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോയ വിനോദയാത്രയിൽ കുട്ടി പങ്കെടുത്തിരുന്നു. ഇതിൽ സ്വിമ്മിംഗ് പൂളിൽ നിന്ന് അമിതമായ അളവിൽ മലിനജലം ശരീരത്തിലേക്ക് മൂക്കിലൂടെയും വായിലൂടെയും പ്രവേശിച്ചത് മൂലമാണ് കുട്ടിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
അസുഖം ബാധിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. തുടർന്ന് പ്രാഥമിക പരിശോധനയിൽ വിനോദയാത്രയ്ക്കിടെ സംഭവിച്ചതാകാം അസുഖം ബാധിക്കുന്നതിലേക്ക് നയിച്ച കാരണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ വിവരം അറിഞ്ഞതോടെ സ്കൂൾ അധികൃതർ കുട്ടിയുമായുള്ള വിഷയങ്ങളിൽ വിമുഖ നിലപാടാണ് സ്വീകരിക്കുന്നതെന്നും എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു. വിവാദ സ്കൂളിൽ ഒരു രക്ഷകർതൃ സമിതി പ്രവർത്തിക്കുന്നില്ലെന്നും കുട്ടിക്കായി സ്കൂളിലും നാട്ടുകാരിൽ നിന്നുമായി പണം ശേഖരിച്ചത് സ്കൂൾ മാനേജരുടെ ഗുഗിൾ പേ വഴിയാണെന്നും എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുണ്ടറ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെത്തി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. ചർച്ചയിൽ സ്കൂൾ അധികൃതർ കുട്ടിയെ നേരിൽ സന്ദർശിക്കണമെന്നും കുട്ടിക്കായി പിരിച്ച് തുക കുട്ടിയുടെ ബന്ധുക്കളെ ഏൽപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യം ഉന്നയിച്ചു എസ്എഫ്ഐയുടെ എല്ലാ ആവശ്യങ്ങളും ചർച്ചയിൽ സ്കൂൾ അധികൃതർ അംഗീകരിക്കുകയായിരുന്നുവെന്നും തുടർന്നും കുട്ടിയുടെ ബന്ധുക്കൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു.
0 Comments