വിനോദ സഞ്ചാര മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ നിക്ഷേപത്തിൻറെ സാധ്യത തേടും. കുടുംബശ്രീ, കായികം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കും. എങ്ങനെ നിക്ഷേപം സ്വീകരിക്കണമെന്നത് സംബന്ധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ കിഫ്ബി വഴി ഇത്തവണയും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മുൻ വർഷം കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതികളെ കുറിച്ച് പറഞ്ഞ് പോകുകമാത്രമാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റുകളില്‍ ഭൂരിഭാഗം പദ്ധിതകളും കിഫ്ബി മുഖേന നടപ്പിലാക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. ധനമന്ത്രി ബാലഗോപാലിന്റെ ബജറ്റിൽ കഴിഞ്ഞ തവണയും കിഫ്ബി ഉണ്ടായിരുന്നില്ല.
അടുത്തിടെ കിഫ്ബിക്കും പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കേള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ലിമിറ്റഡിനും എതിരെ കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടമാണെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
അതേസമയം സ്വകാര്യ സർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്നതിനെ നയവ്യതിയാനമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. 'മുൻപ് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്തിട്ടുണ്ടെന്ന് വെച്ച് ഇപ്പോൾ അതല്ല സാഹചര്യം. മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടില്ലേ. ഇന്ന് യന്ത്രങ്ങൾ ഇല്ലാതെ പ്രവൃത്തിക്കാനാകുമോ?. ജോലി സാധ്യതയൊക്കെ പ്രതീക്ഷിച്ചാണ് വിദ്യാർത്ഥികൾ പലരും വിദേശത്തേക്ക് പോകുന്നത്. എന്നാൽ പഴയത് പോലയല്ല ഇപ്പോൾ. വിദേശ രാജ്യത്ത് ജോലി കുറവാണ്. അതുകൊണ്ട് തന്നെ അവിടേക്കുള്ള ഒഴുക്ക് കുറയും. സ്വകാര്യ സർവ്വകലാശാലകൾ വരുന്നതോടെ ഒറ്റയടിക്ക് ഈ ഒഴുക്ക് തടയാം എന്ന് കരുതാനാവില്ല. എന്നാൽ എണ്ണം കുറച്ച് കൊണ്ടുവരാൻ സാധിക്കും', മന്ത്രി പറഞ്ഞു.

0 Comments