banner

ഓപ്പറേഷൻ തീയേറ്ററിൽ പ്രതിശ്രുതവധുവിനൊപ്പം പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്!, സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു


സ്വന്തം ലേഖകൻ
ബെംഗളൂരു : സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സര്‍വീസില്‍നിന്ന് പുറത്താക്കിയത്. ഡോക്ടറും പ്രതിശ്രുതവധുവും ഒരുമിച്ചുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍വെച്ചാണ് പ്രതിശ്രുതവധുവിനൊപ്പം ഡോക്ടര്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയില്‍ സഹായിക്കുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോയിലുണ്ടായിരുന്നത്. സര്‍ജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. .

 

ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ ക്യാമറാമാന്മാരും ആശുപത്രിയിലെ മറ്റുജീവനക്കാരും ചിരിക്കുന്നതും ഒടുവില്‍ രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നതോടെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിര്‍ദേശം നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ളതാണ്. അല്ലാതെ വ്യക്തികളുടെ ആവശ്യങ്ങള്‍ക്കുള്ളതല്ല. ഡോക്ടര്‍മാരുടെ അച്ചടക്കമില്ലാത്ത ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ സാധാരണ ജനങ്ങളുടെ ചികിത്സയ്ക്കുള്ളതാണെന്ന് എല്ലാവരും മനസിലാക്കണമെന്നും ഇക്കാര്യം മനസിലാക്കി ജോലിചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Post a Comment

0 Comments