സ്വന്തം ലേഖകൻ
കൊച്ചി : എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിയായ പുരോഹിതന്റെ ശിക്ഷ 20 വർഷം കഠിനതടവായി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. തൃശ്ശൂർ പൂമംഗലം അരിപ്പാലം പതിശേരിയിൽ ഫാ. എഡ്വിൻ ഫിഗരസിനെയാണ് കഠിന തടവിന് ശിക്ഷിച്ചത്. പുരോഹിതനെ കുറ്റക്കാരനായി കണ്ടെത്തിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. എന്നാൽ, പ്രതിയെ ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് 20 വർഷം കഠിന തടവായി കുറച്ചു.
എഡ്വിൻ ഫിഗരസിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടു. പ്രതികൾ നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ബലാത്സംഗം സ്ത്രീകൾക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമാണെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണെന്നും കോടതി വിലയിരുത്തി. എന്നാൽ, കുറ്റത്തിന് ആനുപാതികമായ ശിക്ഷയാണ് നൽകേണ്ടതെന്ന് വിലയിരുത്തിയാണ് ശിക്ഷയിൽ ഇളവു വരുത്തിയിരിക്കുന്നത്.
പ്രതി രക്ഷപ്പെട്ടത് രണ്ടാം പ്രതിയുടെ കാറിലാണെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് രണ്ടാം പ്രതിക്ക് അറിവുണ്ടായിരുന്നെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് വെറുതേ വിട്ടത്. 2015 ജനുവരി 12 മുതൽ മാർച്ച് 28 വരെ പലപ്പോഴായി പെൺകുട്ടിയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി എഡ്വിൻ ഫിഗരസ് നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ വടക്കേക്കര പൊലീസാണ് കേസെടുത്തത്. അന്വേഷണത്തിന്റെ തുടക്കത്തിൽ വിദേശത്തേക്കു കടന്ന പ്രതി തിരിച്ചെത്തി പൊലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.
.jpg)
0 Comments