സ്വന്തം ലേഖകൻ
കൂട്ടമരണത്തിന്റെ ഞെട്ടൽ മാറാതെ പാലാ പൂവരണി. ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേരുടെ മരണം നാടിനെ നടുക്കി. മരണത്തിന് പിന്നാലെ മൂന്നു കത്തുകൾ കണ്ടെത്തി. രണ്ടു കത്തുകൾ സഹോദരങ്ങൾക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായിട്ടാണ് എഴുതിയിട്ടുള്ളത്. കത്തിൽ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
ഇന്നലെ രാവിലെയാണ് ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പിൽ ജെയ്‌സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം.
വീടിന്റെ വാതിൽക്കൽ നിന്നാണ് ആദ്യത്തെ കത്ത് കിട്ടിയത്. സഹോദരനുള്ളതായിരുന്നു ഈ കത്ത്. നാട്ടുകാരെക്കൂടി കൂട്ടി വേണം അകത്തു കയറാൻ എന്നാണ് കത്തിൽ പറയുന്നത്. പിന്നീട് അകത്തുനിന്ന് രണ്ടു കത്തുകൾ കൂടി കണ്ടെടുത്തു. മൂന്നു കത്തുകളും ജെയ്സന്റെ കൈപ്പടയിൽ എഴുതിയതായിരുന്നു. ഇതിൽ ഒന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കുള്ളതായിരുന്നു. വീട്ടിലെ സാധന സാമഗ്രികളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നാണ് ഈ കത്തിൽ എഴുതിയിരുന്നത്. അമ്മയുടെ അടുത്തേക്കു പോവുകയാണെന്നും, തന്റെ ഫോൺ മൂത്ത സഹോദരനു നൽകണമെന്നും മൂന്നാമത്തെ കത്തിലും എഴുതിയിരുന്നു. ജെയ്സന്റെ അമ്മ നേരത്തേ മരിച്ചതാണ്.
വാടകവീട് മാറാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ജെയ്‌സൺ തോമസ് സഹോദരനെ വിളിച്ചുവരുത്തിയത്. രാവിലെ ഏഴു മണിയോടെ ജെയ്സൻ മൂത്ത സഹോദരനെ ഫോൺ വിളിക്കുന്നത്. വാടകവീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ സഹായിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടായിരുന്നു ഫോൺവിളി.
ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. ജെയ്‌സൺ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പ്രാഥമിക സൂചന. എന്നാൽ, ഇതുസംബന്ധിച്ച് പോലീസ് വ്യക്തതയില്ല. അതേസമയം, കുടുംബപ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നായിരുന്നു സമീപവാസികളുടെ പ്രതികരണം.
രാവിലെ 7.30-8 മണിയോടെയാണ് ജെയ്‌സൺ ജ്യേഷ്ഠനെ വിളിച്ച് വീട്ടിൽ വരാൻ പറഞ്ഞതെന്ന് നാട്ടുകാരിലൊരാൾ പ്രതികരിച്ചു. ജ്യേഷ്ഠൻ വീട്ടിൽ വന്നപ്പോഴാണ് ജെയ്‌സൺ തൂങ്ങിനിൽക്കുന്നത് കണ്ടതെന്നും ഇദ്ദേഹം പറഞ്ഞു. കുടുംബത്തെ ഞായറാഴ്ചയും പുറത്തുകണ്ടിരുന്നതായി മറ്റൊരു സ്ത്രീയും പ്രതികരിച്ചു. ഞായറാഴ്ച കുടുംബത്തിലെ എല്ലാവരും ചേർന്നാണ് കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാൻ പോയത്. കുടുംബപ്രശ്‌നങ്ങളുള്ളതായി അറിയില്ല. തിങ്കളാഴ്ച ഇവർ അങ്കണവാടിയിൽ കുട്ടികളെ വിളിക്കാൻപോയിരുന്നതായും ഇവർ പ്രതികരിച്ചു.
%20-%202024-03-06T090717.864.jpg)
0 Comments