സ്വന്തം ലേഖകൻ
സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളിൽ ഇന്നലെ മാത്രം രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്കാരം നടക്കുക. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന് വനം വകുപ്പ് ഉത്തരവിട്ടു.
അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 10 ലക്ഷം രൂപ ഇന്ന് കൈമാറും. കക്കയത്ത് കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ തീയിട്ടിരുന്നു. തോണിക്കടവിലാണ് തീയിട്ടത്. കഴിഞ്ഞദിവസം കാട്ടുപോത്തുകൾ എത്തിയ സ്ഥലത്താണ് തീയിട്ടത്. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
അതിരപ്പിള്ളിയിൽ ആദിവാസി സ്ത്രീയെ ആന ചവിട്ടിക്കൊന്നു
അതിരപ്പിള്ളി (തൃശൂർ): വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി മൂപ്പന്റെ ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വൽസയാണ് (62) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 3.30 ഓടെ കാട്ടിനുള്ളിൽ രാജനും വൽസയും വനവിഭവങ്ങൾ ശേഖരിക്കുമ്പോഴാണ് സംഭവം.
രാവിലെ ഒമ്പതോടെയാണ് ഇരുവരും കാടിനുള്ളിലേക്ക് പോയത്. ഉച്ചതിരിഞ്ഞ് ഇവർ കൊല്ലത്തിരുമേട് മേഖലയിലെത്തിയിരുന്നു. അവിടെ മരത്തിൽനിന്ന് കായ്കൾ പറിച്ചെടുത്ത ശേഷം പൊട്ടിക്കാൻ കമ്പ് തേടുന്നതിനിടെയാണ് കാട്ടാന പ്രത്യക്ഷപ്പെട്ടത്. വൽസക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇതോടെ കാട്ടാന തലയിൽ ചവിട്ടുകയായിരുന്നു. വനപാലകരെത്തി മൃതദേഹം ജീപ്പിലും ആംബുലൻസിലുമായി ചാലക്കുടി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രാജൻ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വൽസയുടെ മൃതദേഹം താലൂക്കാശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്റെ നീക്കം സനീഷ് കുമാർ ജോസഫ് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞു. ആർ.ഡി.ഒ എത്താതെ കൊണ്ടുപോകാൻ പറ്റില്ലെന്ന് എം.എൽ.എ പറഞ്ഞു. കൊണ്ടുപോകുമെന്നും തടയരുതെന്നും ഡിവൈ.എസ്.പി പറഞ്ഞപ്പോഴാണ് സംഘർഷാവസ്ഥയായത്. തുടർന്ന് എം.എൽ.എയും ഡിവൈ.എസ്.പിയും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ ബി.ജെ.പി പ്രവർത്തകരും എത്തിയതോടെ പൊലീസ് തൽക്കാലം പിൻവാങ്ങി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ താലൂക്ക് ആശുപത്രി സന്ദർശിച്ചു. സർക്കാറിന്റെ നിഷ്ക്രിയത്വമാണ് ഇത്തരം സംഭവങ്ങളിൽ പ്രകടമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ബഹനാൻ എം.പി, ജോസ് വള്ളൂർ എന്നിവരും പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രി അതിരപ്പിള്ളിയിൽ പ്ലാന്റേഷൻ കോർപറേഷൻ വെൽെഫയർ ഓഫിസറുടെ താമസസ്ഥലം കാട്ടാനക്കൂട്ടം തകർത്തിരുന്നു.
കക്കയത്ത് കാട്ടുപോത്ത് ആക്രമണം; കർഷകൻ മരിച്ചു
കൂരാച്ചുണ്ട് (കോഴിക്കോട്): കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനായ കർഷകൻ മരിച്ചു. പാലാട്ട് അബ്രഹാം (അവറാച്ചൻ- 68) ആണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. കൊക്കോ പറിക്കുന്നതിനിടെ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസി കൊച്ചുപുരയിൽ അമ്മിണിയാണ് രക്തത്തിൽ കുളിച്ച് അബ്രഹാമിനെ കണ്ടത്. നാട്ടുകാരെത്തി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കക്കയം ടൗണിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ് സംഭവം. അബ്രഹാമിന്റെ കക്ഷത്തിൽ കാട്ടുപോത്തിന്റെ കൊമ്പ് ആഴ്ന്നിറങ്ങിയ മുറിവുണ്ട്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലും വൻ പ്രതിഷേധം നടന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സമരക്കാർ അനുവദിച്ചില്ല. ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ കലക്ടർ ഉത്തരവിടണമെന്നായിരുന്നു ആവശ്യം.
ഒരു മാസം മുമ്പ് വിനോദ സഞ്ചാരികളായ അമ്മക്കും മകൾക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തിങ്കളാഴ്ച കക്കയത്തിനു സമീപത്തെ കൂരാച്ചുണ്ടിലും കാട്ടുപോത്ത് ഭീതി വിതച്ചിരുന്നു. തിങ്കളാഴ്ച കൂരാച്ചുണ്ടിലെ സ്കൂളിന് അവധി നൽകിയിരുന്നു. കരിയാത്തുംപാറ, തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. കൂരാച്ചുണ്ടിൽ കണ്ട കാട്ടുപോത്തിനെ വനമേഖലയിലേക്ക് കയറ്റിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. യു.ഡി.എഫും എൽ.ഡി.എഫും ബുധനാഴ്ച കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അബ്രഹാമിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും. ഭാര്യ: തെയ്യാമ്മ. മക്കൾ: ജോബിഷ്, ജോമോൻ, ജോഷിന. മരുമക്കൾ: സിജോ, മരിയ.

0 Comments