banner

ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയും ഉണ്ടോ?!, ഞാന്‍ ചേച്ചി എന്നാണ് അവരെ വിളിച്ചത്, ഇനിയും അങ്ങനെയെ വിളിക്കൂ, രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ


സ്വന്തം ലേഖകൻ
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് നേരെ രാഹുല്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജയും പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം.

ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയെന്നും ബയോളജിക്കൽ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇതിനെ എതിർത്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മാത്രമാണ് ഇതിനെ എതിര്‍ത്തതെന്നും ബാക്കിയുള്ളവര്‍ നന്ദികെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കരുണാകരന്റെ വീട്ടിലെത്തി പദ്മജ ചേച്ചി എന്നെ ഒന്നു കേറ്റിവിടണം എന്ന് പറഞ്ഞ് ലീഡറുടെയും പദ്മജ ചേച്ചിയുടെയും കാലുതൊട്ട് തൊഴുത ആൾക്കാരുണ്ട്. ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഉറങ്ങികെടന്ന കരുണാകരന്‍റെ കാലില്‍വീണ് പാര്‍ലമെന്‍റ് സീറ്റ് വാങ്ങിയ നേതാക്കളുണ്ട്. രാഷ്‌ട്രീയ ബന്ധത്തിലല്ല. അവരുമായുള്ള കുടുംബത്തോടുള്ള അടുപ്പം കൊണ്ട് അറിഞ്ഞതാണ്. ഞാന്‍ ചേച്ചി എന്നാണ് അവരെ വിളിച്ചത്, ഇനിയും അങ്ങനെയെ വിളിക്കൂ. അത് വേറെ കാര്യം, തോന്നിവാസം പറഞ്ഞ് നടന്നവൻ സംസ്കാരശൂന്യനാണ്. വിവരംകെട്ടവനാണ്. എന്നാൽ ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നവർ, കണ്ണൂർ നിന്നാൽ തോറ്റുപോകുമെന്ന് ഭയന്ന് ആലപ്പുഴയിൽ കൊണ്ടുനിർത്തി മത്സരിപ്പിച്ച ലീഡറെ മറന്നവർ. ചില്ലറ തെമ്മാടിത്തരമല്ല പറഞ്ഞത്. എടാ നീ പറഞ്ഞത് ശരിയല്ലെന്ന് പറയാൻ ആരെങ്കിലും തയ്യാറായോ?

പണ്ട് കരുണാകരന്റെ വീട്ടിലേക്ക് മുണ്ടിനിടയിൽ ഏത്തപ്പഴവും തിരുകികൊണ്ട് ആളുകൾ അകത്തേക്ക് പോകുമായിരുന്നു. എന്നീട്ട് പുറത്ത് ഐജിയും ചീഫ് സെക്രട്ടറിയുമൊക്കെ നിൽക്കുമ്പോൾ, ഈ ഏത്തപ്പഴം ആരും കാണാതെ പുറത്തെടുത്ത് തൊലിച്ച് തിന്നോണ്ട് പുറത്തേക്ക് വരും. അതായത്, അകത്ത് ചെന്ന് അടുക്കളയിൽ നിന്ന് ഫ്രൂട്ട്സും ഏത്തപ്പഴവുമൊക്കെ എടുത്ത് തിന്നാനുള്ള സ്വാതന്ത്രൃം ഇദ്ദേഹത്തിനുണ്ടെന്ന് പുറത്തുനിൽക്കുന്ന പോലീസിനെയും ചീഫ് സെക്രട്ടറിയേയും കാണിക്കണം എന്നിട്ട് ഇത് പറഞ്ഞ് പലതും സാധിച്ചെടുക്കും. കോൺ​ഗ്രസിന്റെ തനിനിറം അറിയാൻ വേണ്ടിയാണ് ഇത് പറയുന്നത്. ഈ പരട്ട പരിപാടിയൊക്കെ കാണിച്ച ആളുകൾ, അവരാരും ഈ തെമ്മാടിത്തരത്തിനെ എതിർത്തില്ല”- ഗണേഷ് കുമാര്‍ പറഞ്ഞു.

Post a Comment

0 Comments