banner

സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അധികൃതർക്ക് വിവേകം!, ഹോസ്‌റ്റലിൽ ഇനി മുതൽ സി.സി.ടി.വി സ്ഥാപിക്കും, കുട്ടികളുടെ മേൽനോട്ടത്തിന് നാല് വാർഡന്മാർ, ഒരോ വർഷവും മാറ്റും


സ്വന്തം ലേഖകൻ
കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോളേജിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഹോസ്‌റ്റലിൽ ഇനിമുതൽ നാല് ചുമതലക്കാരായിരിക്കും ഉണ്ടാവുക. മൂന്ന് നിലകളുള്ള ഹോസ്‌റ്റലിൽ ഓരോ നിലയിലും ഓരോരുത്തരെ വീതം നിയമിക്കും. ഒരു അസിസ്‌റ്റന്റ്‌ വാർഡന് ഹോസ്‌റ്റലിന്റെ മുഴുവൻ ചുമതലയും നൽകും.

കൂടാതെ, സിസിടിവി ക്യാമറയും സ്‌ഥാപിക്കും. വർഷംതോറും ചുമതലക്കാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്‌റ്റന്റ്‌ വാർഡൻ കാന്തനാഥനെയും വൈസ് ചാൻസലർ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വിഷയത്തിൽ ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി. നേരത്തെ തന്നെ യൂണിവേഴ്‌സിറ്റി വിസിയെ ഗവർണർ സസ്‌പെൻഡ് ചെയ്‌തിരുന്നു.

സിദ്ധാർഥന്റെ മരണത്തിൽ ഏറെ ദുരൂഹതകളും ചോദ്യങ്ങളും ബാക്കി നിൽക്കുകയാണ്. തുടർച്ചയായി മർദ്ദനം നേരിട്ട സിദ്ധാർഥൻ വെള്ളവും ഭക്ഷണവും കഴിക്കാതെ പൂർണ അവശനായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാതെ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ സിദ്ധാർഥൻ കുളിമുറിയിൽ പോയി സ്വയം കെട്ടിത്തൂങ്ങുമോ? അതോ പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ തുടങ്ങിയ സംശയങ്ങളെല്ലാം പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments