സ്വന്തം ലേഖകൻ
കൊല്ലം : വോട്ടെടുപ്പിന് തലേ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനത്തിൽ മദ്യം കടത്തിയതായി റിപ്പോർട്ട്. മദ്യ നിരോധനം നിലനിൽക്കെ ഉദ്യോഗസ്ഥർ സർക്കാർ ജീപ്പിൽ തമിഴ്നാട്ടിൽ നിന്നു മദ്യം കടത്തിയതായാണ് ഉന്നതതല റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ അച്ചൻകോവിലിലും മറ്റും വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് മദ്യം വാങ്ങി പരിശോധനയില്ലാതെ ചെക്ക് പോസ്റ്റ് കടന്നുവെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഉന്നത ഉദ്യോഗസ്ഥർ കൂടി അറിഞ്ഞ സംഭവത്തിൻ്റെ വിശദ വിവരങ്ങൾക്കായി ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
പട്രോളിങ്ങിന് എന്ന വ്യാജേന ഔദ്യോഗിക വാഹനത്തിൽ അച്ചൻകോവിൽ കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ചെങ്കോട്ടയിലെത്തുകയും ഇവിടെ നിന്ന് മദ്യം വാങ്ങി അച്ചൻകോവിലിൽ എത്തിക്കുകയും ചെയ്തതായാണ് റിപ്പോർട്ടിലെ പരാമർശം. അച്ചൻകോവിൽ കോട്ടവാസലിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിലൂടെ കടന്നു വന്ന വാഹനം ഫോറസ്റ്റ് ഉദ്യോഗസ്ഥരായതിനാൽ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നില്ല. പ്രാദേശിക ഇടത് നേതാക്കളുടെ അറിവോടെയാണ് മദ്യക്കടത്ത് എന്നാണ് പരക്കെയുള്ള ആരോപണം.
വോട്ടെടുപ്പ് ദിവസവും തലേന്നും അമ്പനാട് പ്രിയ എസ്റ്റേറ്റ് മേഖലകളിൽ കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തണമെന്നായിരുന്നു അച്ചൻകോവിൽ ഡിഎഫ്ഒയുടെ രേഖാമൂലം നൽകിയ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് നടപ്പായില്ല. പകരം 25-ആം തീയതി വൈകിട്ട് സ്റ്റേഷനിൽ മടങ്ങിയെത്തിയ ചില ഉദ്യോഗസ്ഥർ വീണ്ടും പട്രോളിങ്ങിനു പോകുന്നുവെന്നു ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയ ശേഷം വനംവകുപ്പിന്റെ കെഎൽ 01 സിഎച്ച് 1498 എന്ന ജീപ്പിൽ ചെങ്കോട്ടയിലെത്തി മദ്യം വാങ്ങിയെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ ജീപ്പ് ആയതിനാൽ ചെക്പോസ്റ്റിൽ പരിശോധന ഉണ്ടായതുമില്ല. വോട്ടെടുപ്പിനു തലേന്ന് രാത്രി അച്ചൻകോവിൽ മുതലത്തോട് ഭാഗത്ത് എത്തിച്ച മദ്യം ആദിവാസികൾക്ക് ഉൾപ്പെടെ പലർക്കും വിതരണം ചെയ്തതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചോർന്നു കിട്ടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അച്ചൻകോവിൽ കോട്ടവാസൽ ചെക്പോസ്റ്റിൽ രാവും പകലും പ്രത്യേക പൊലീസ് പരിശോധന നിലവിലുണ്ടായിരുന്നു. ഓരോ വാഹനങ്ങളും തുറന്നു പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഇതു മറികടക്കാനാണ് ചില ഇടത് അനുകൂല ഫോറസ്റ്റ് വാച്ചർമാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ജീപ്പിൽ മദ്യം കടത്തിയതെന്നാണ് വിവരം.
.jpg)
0 Comments