
കൊല്ലം : ചാത്തന്നൂരിൽ ഗൃഹനാഥനെയും ഓട്ടോ ഡ്രൈവറെയും ഗുണ്ടകൾ മർദ്ദിച്ചതായി പരാതി. ചാത്തന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം താമസമുള്ള ശാന്തി എന്ന് വിളിക്കുന്ന ശിവപ്രസാദിനും (42), ഓട്ടോ റിക്ഷ ഡ്രൈവർ മുകേഷിനുമാണ് (40) ഗുണ്ടാസംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശിവപ്രസാദിന്റെ വീടിന് സമീപമാണ് ആക്രമണം ഉണ്ടായത്.
വൈകിട്ട് അഞ്ചു മണിയോടെ അക്രമിസംഘം ശിവപ്രസാദിന്റെ വീട്ടിൽ എത്തിയിരുന്നു. ഭാര്യ ഷിജിയോട് ശിവപ്രസാദിനെ തിരക്കുകയും വീട്ടിൽ ഇല്ലന്ന് അറിഞ്ഞതോടെ ഇവർ തിരിച്ചു പോയി റോഡിൽ തമ്പടിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ശിവപ്രസാദിനെയും അക്രമം തടയുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറെയും റോഡിൽ കാത്ത് നിന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന മനു, ഉളിയനാട് സ്വദേശി ലാലു എന്നിവരുടെ നേത്രത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
0 Comments