
കൊല്ലം : മദ്യപിച്ച ശേഷം കുപ്പികള്‍ റോഡരികില്‍ പൊട്ടിച്ചിട്ടത് ചോദ്യം ചെയ്ത പ്രകോപനത്തിൽ കുടരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. ചാത്തിനാംകുളം സൈമ മൻസിലില്‍ അമർ സല്‍മാനെയാണ് (32) അയല്‍വാസികളും കൂട്ടാളികളും ചേർന്ന് കുത്തി പരിക്കേല്‍പ്പിച്ചത്.
ഗുരുതര പരിക്കേറ് അമർ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് ശ്വാസകോശത്തിനു മുറിവേറ്റതായും പോലീസ് വ്യക്തമാക്കി ചന്ദനത്തോപ്പ് മാമൂട് ജങ്ഷനുസമീപം കഴിഞ്ഞദിവസം രാത്രി ഏഴു മണിയോടെ ആയിരുന്നു ആക്രമണം.
അയല്‍വാസികളും സഹോദരങ്ങളുമായ കരിക്കോട് സാരഥി നഗർ, സനല്‍ നിവാസില്‍ സനല്‍, സജിത്ത് എന്നിവരും ഇവരുടെ രണ്ട് കൂട്ടാളികളും ചേർന്നാണ് ആക്രമണം നടത്തിയത്. സജിത്തിനെ (34) കുണ്ടറ പോലീസ് പിടികൂടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാമൂട് തോട്ടുങ്കരയില്‍ വാടകയ്ക്കു താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. അമർ സല്‍മാൻ താമസിക്കുന്ന വീടിന്റെ എതിർവശത്താണ് സജിത്തും സനലും താമസിക്കുന്നത്. ഇരുവരും കുട്ടുകാർക്കൊപ്പം മദ്യപിച്ചശേഷം വൈകീട്ട് നാലോടെ കുപ്പികള്‍ പൊട്ടിച്ച് റോഡുവശത്ത് ഉപേക്ഷിച്ചു. അമർ സല്‍മാൻ ഇത് ചോദ്യം ചെയ്തു. വാക്കേറ്റമുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ചു. രാത്രിയോടെ സനലും സജിത്തും രണ്ട് കൂട്ടാളികളെ വിളിച്ചുവരുത്തി. നാലുപേരും ചേർന്ന് അമറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സനലും കൂട്ടാളികളും ചേർന്ന് അമറിനെ കീഴ്‌പെടുത്തിയപ്പോള്‍ സജിത്താണ് കുത്തിയതെന്നു പോലീസ് പറയുന്നു. സജിത്തിനെ കുണ്ടറ പോലീസ് പിടികൂടി.
0 Comments