സ്വന്തം ലേഖകൻ
കോഴിക്കോട് : കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ട് ഇടിച്ചുമറിഞ്ഞ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിൻ്റെ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. തിരുവനന്തപുരത്ത് നിന്നും ഉഡുപ്പിയിലേക്ക് പോയ കര്‍ണാടക രജിസ്ട്രേഷനിലുള്ള കോഹിനൂര്‍ എന്ന എസി സ്ലീപ്പര്‍ ബസാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടം വരുത്തിവെച്ചത്. ബസ് ഡ്രൈവര്‍ മംഗളൂര് സ്വദേശി അബൂബക്കറിനെതിരെ ഐപിസി 279, 337, 338, 304 വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുള്ളതായി ഫറോക്ക് പോലീസ് പറഞ്ഞു.
അപകടത്തിൽ കൊല്ലം അഞ്ചൽ കോട്ടുക്കൽ ആലംകോട് സ്വദേശികളായ മാതാപിതാക്കളുടെ ഏക മകനാണ്. ഫോട്ടോഗ്രാഫറായ അമല്‍ മോഹൻ (28) മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ചികിത്സയിലുമുണ്ട്. യാതൊരു അപകടസാധ്യതയുമില്ലാത്ത സ്ഥലത്താണ് ഈ അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയത് ഡ്രൈവറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.സജീവ് പറഞ്ഞു. അതേ സമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ഏതെങ്കിലും തരത്തിലുള്ള ന്യായമായ നടപടിയെടുക്കാൻ പോലും ബസ് ഉടമകൾ തയ്യാറായിട്ടില്ല.
“ബസ് അമിത വേഗതയിലായിരുന്നു. ഇക്കാര്യത്തില്‍ യാത്രക്കാരും മൊഴി നല്‍കിയിട്ടുണ്ട്. അപകടം സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത സ്ഥലത്താണ് ബസ് മറിഞ്ഞിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാകും.” – ഫറോക്ക് എസ്‌എച്ച്‌ഒ പറഞ്ഞു.
.jpg)
0 Comments