
പത്തനംതിട്ട : പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ എത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് മര്‍ദനമേറ്റത്. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കൊല്ലം തെക്കുംഭാഗം പോലീസ് നഹാസിനെതിരേ പോക്‌സ് കേസെടുത്തു. കോന്നി സ്വദേശിനിയായ പെണ്‍കുട്ടി കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിവസം രാത്രി 12.15ന് നഹാസ് ഇവിടെയെത്തുകയും ഈസമയം 16കാരിയുടെ ബന്ധുക്കള്‍ പിടികൂടി മര്‍ദ്ദിക്കുകയുമായിരുന്നു. കാലില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു. ടോര്‍ച്ച് കൊണ്ട് കണ്ണിലും തലയ്ക്കുമടിച്ചു. സോപ്പ് വെളളം ബലമായി കുടിപ്പിച്ചു. മുഖത്ത് മുളക് പൊടി തേച്ചു. തേങ്ങ തുണിയില്‍ പൊതിഞ്ഞ് അടിച്ചതായും നഹാസ് പറയുന്നു.
പോലീസ് എത്തിയതോടെയാണ് മര്‍ദ്ദനം അവസാനിച്ചതെന്നും നഹാസ് വ്യക്തമാക്കി. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. യുവാവിന്റെ ശല്യംകാരണമാണ് തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതെന്നും കുടുംബം പരാതിയില്‍ പറയുന്നു.
0 Comments