സ്വന്തം ലേഖകൻ
കോഴിക്കോട് : കേരള പോലീസില്‍ കൂടുതല്‍പ്പേർ ജീവനൊടുക്കിയത് ജോലിക്കിടയിലെ മാനസികസമ്മർദത്താലെന്ന് റിപ്പോർട്ട്. 10 വർഷത്തിനിടയില്‍ വ്യത്യസ്ത റാങ്കുകളിലുള്ള 30 പോലീസുകാരാണ് മാനസികസമ്മർദത്താല്‍ ജീവിതം അവസാനിപ്പിച്ചത്.
തൃശ്ശൂർ കേരള പോലീസ് അക്കാദമി ഡയറക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദേശത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ തയ്യാറാക്കി അയച്ച പഠനറിപ്പോർട്ടിലാണ് ഈ കാര്യങ്ങളുള്ളത്. ആത്മഹത്യ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിച്ചുവരുകയാണ്. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍, മേലുദ്യോഗസ്ഥരുടെ സമ്മർദം, പൊതുസ്ഥലങ്ങളില്‍ കീഴുദ്യോഗസ്ഥരെ വഴക്കുപറയുക, ജോലിസ്ഥലവും വീടും തമ്മിലുള്ള അകല്‍ച്ച, സഹപ്രവർത്തകരുടെ സഹകരണക്കുറവ്, അമിതമായ ജോലിഭാരം എന്നിവയാണ് പ്രധാന ജോലിസമ്മർദങ്ങളായി റിപ്പോർട്ടിലുള്ളത്.
കാസർകോട് ചന്ദേര പോലീസ് സ്റ്റേഷനില്‍ ഒരു എസ്.ഐ. മാതൃജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കുകയും 2017-ല്‍ ഒട്ടേറെത്തവണ മേലുദ്യോഗസ്ഥരെ ഇതിനായി സമീപിക്കുകയും ചെയ്തു. ഇത് നിരസിച്ചതോടെ എസ്.ഐ. ജീവനൊടുക്കി. പാലക്കാട് എ.ആർ. ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസർ 2019-ല്‍ ജീവനൊടുക്കിയത് സഹപ്രവർത്തകരുടെ നിസ്സഹകരണവും മാനസികപീഡനവും കൊണ്ടായിരുന്നു.
പാലക്കാട് ഒറ്റപ്പാലത്ത് സേവനമനുഷ്ഠിച്ചിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ സി.പി.ഒ. 2019-ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇപ്പോഴും കാരണംകണ്ടെത്താൻ സാധിച്ചിട്ടില്ല. പത്തുവർഷത്തിനുള്ളില്‍ സംസ്ഥാന വ്യവസായ സുരക്ഷാസേന, തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ച്, കണ്ണൂർ മാങ്ങാട്ടുപറമ്ബ് കെ.എ.പി. ബറ്റാലിയൻ, മലപ്പുറം സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായില്ലെന്ന് റിപ്പോർട്ടിലുണ്ട്.
.jpg)
0 Comments