
കൊല്ലം : ജില്ലയിൽ മൃഗങ്ങളുടെ ജനന നിയന്ത്രണം പാളിയതിൻ്റെ നേർ ചിത്രമായി നഗരത്തിൽ തെരുവുനായ ശല്യം അതിരൂക്ഷം. നേരത്തെ രാത്രികാലങ്ങളിൽ മാത്രം തെരുവുനായകളെ പേടിച്ചിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പകൽസമയത്ത് പോലും ജനങ്ങളെ ഈ നായ സംഘങ്ങൾ എത്തി ഭീതിയിലാക്കുന്നുണ്ട്. വേനൽ കടുത്തതിന്റെ അസ്വസ്ഥതയും വേണ്ടത്ര ഭക്ഷണം കിട്ടാത്തതും മൂലമാണ് തെരുവുനായകൾ മനുഷ്യനെ ആക്രമിക്കുന്ന നിലയിലേക്ക് എത്തിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആശ്രാമം മൈതാനത്തും കൊല്ലം ബീച്ചിലും മറിച്ചല്ല കാഴ്ചകൾ. വ്യായാമത്തിന് പോകുന്നവരും രാവിലെ പത്രം, പാൽ വിതരണത്തിന് എത്തുന്നവരും ആണ് തെരുവുനായ്ക്കളുടെ പ്രധാന ഇരകൾ. രാവിലെ ആരാധനാലയങ്ങളിലേക്ക് പോകുന്നവരുടെ സ്ഥിതിയും ഇതിൽ നിന്ന് വിപരീതമല്ല. റോഡിൽ രാത്രി സമയങ്ങളിൽ വണ്ടിക്ക് കുറുകെ ചാടിയും വഴിനടയാത്രക്കാരെ ഭയപ്പെടുത്തിയും തെരുവുനായ്ക്കൾ ഉണ്ടാക്കുന്ന പുലിവാല് ചില്ലറയല്ല. ഇവയെ പേടിച്ച് പകൽസമയത്ത് പോലും ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
ആളൊഴിഞ്ഞ പ്രദേശങ്ങളും മാലിന്യ കൂമ്പാരങ്ങളും ആണ് നായ സംഘത്തിൻറെ പ്രധാന കേന്ദ്രങ്ങൾ. വേനലവധിക്കാലമായതിനാൽ ഇത്തരം പ്രദേശങ്ങൾ പലതും കുട്ടികൾ വൃത്തിയാക്കി എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെയും നായ്ക്കൾ കൂട്ടത്തോടെ എത്തി കുട്ടികളെ ഭയപ്പെടുത്തുന്ന രീതി പിന്തുടരുന്നു. മാലിന്യങ്ങൾ വഴിയോരങ്ങളിൽ തള്ളുന്നതും നായ ശല്ല്യം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഹൈസ്‌കൂൾ ജംഗഷൻ, ചിന്നക്കട പോസ്റ്റ് ഓഫീസ് പരിസരം, ഉഷ തീയറ്ററിന് മുൻവശം, കടവൂർ ജംഗ്ഷൻ, പെരുമൺ റെയിൽവേക്രോസ്, ക്യു.എ.സി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ നായ്കൾ അലക്ഷ്യമായി നടക്കുന്നത്. വീട്ടിൽ അടച്ചിട്ട് വളർത്തുന്നതായ വീട്ടുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന തെരുവുനായ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്.
എബിസി സമ്പൂർണ്ണ പരാജയം
മൃഗങ്ങളുടെ ജനന നിയന്ത്രണം യഥാവിധി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് എബിസി പദ്ധതി. എന്നാൽ കാര്യക്ഷമമായ മേൽനോട്ടം ഇല്ലാത്തതിനാൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ അപ്പാടെ പാളുകയാണ്. പ്രദേശത്ത് നിന്ന് പിടിച്ചുകൊണ്ടുവന്ന നായയെ വന്ധീകരിക്കുകയും ശേഷം ആരോഗ്യനില തൃപ്തികരമാകുന്ന മുറക്ക് എവിടെ നിന്നാണോ ഈ നായയെ പിടിച്ചുകൊണ്ടുവന്നത് അവിടേക്ക് തന്നെ നായയെ എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആശയം. ജില്ലയിൽ ഇതിന് വിഭിന്നമായാണ് കാര്യങ്ങൾ നടക്കുന്നത്. ഈ പദ്ധതി പ്രകാരം പിടിച്ചുകൊണ്ടുപോകുന്ന നായയെ ബന്ധപ്പെട്ട ജീവനക്കാർ യഥേഷ്ടം ഉപേക്ഷിക്കുകയാണ്. ഇത്തരത്തിൽ എ.ബി.സി പദ്ധതി പ്രകാരം പിടിച്ചുകൊണ്ടു പോകുന്ന നായ്ക്കളെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.
0 Comments