banner

കൊല്ലത്ത് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു!, മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി

Published from Blogger Prime Android App
കൊല്ലം : എഴുകോണിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളിൽ ഒരാൾ മുങ്ങി മരിച്ചു. നെടുമൺകാവ് കൽച്ചിറ ചിറയിൽ കുളിക്കാനിറങ്ങിയ കൊട്ടാരക്കര പെരുംകുളം തിരുവാതിരയിൽ ബാഹുലേയൻപിള്ളയുടെയും ശ്രീഗംഗയുടെയും മകൻ മിഥുനാണ് (23) മുങ്ങി മരിച്ചത്. വാക്കനാട് കുന്നത്ത് ചരുവിള വീട്ടിൽ റാഷിദ് (23), ആദിച്ചനല്ലൂർ വെളിച്ചിക്കാല കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സൈഫുദ്ദീൻ (22), മയ്യനാട് എസ്.എസ് അഭയ കേന്ദ്രത്തിന് സമീപം അഹ്ലാനിൽ അൽ താരിഫ് (23) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. 

നാട്ടുകാരനായ റാഷിദിനൊപ്പം കൽച്ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു മറ്റുള്ളവർ. മിഥുനും സൈഫുദീനും നീന്തൽ വശമില്ലായിരുന്നു. കടവിലെ പാറക്കെട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങി താഴത്തെ കടവിലേക്ക് നടക്കുന്നതിനിടെ എക്കൽ മാറിയുണ്ടായ ചതുപ്പിൽ മിഥുൻ അകപ്പെട്ടു. മിഥുനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും വെള്ളത്തിൽ മുങ്ങി. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരായ യുവാക്കൾ സാഹസികമായി രക്ഷാപ്രവർത്തനം നടത്തി മൂന്നു പേരെ പിടിച്ച് കയറ്റിയെങ്കിലും മിഥുൻ കൈവിട്ട് ആഴത്തിലേക്ക് പോയി. 

തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും സ്കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയാണ് നാലു മണിയോടെ മിഥുന്റെ മൃതദേഹം കണ്ടെത്തിയത്.അസി.സ്റ്റേഷൻ ഓഫീസർ വിജയകുമാർ, ബിനുകുമാർ,ഫയർമാൻമാരായ അനൂപ്, പി​. ബിജു, അനിൽദേവ്, നിഖിൽ, ഗിരീഷ് കൃഷ്ണൻ, ഹരിരാജ്, വിജേഷ്, സുരേഷ് കുമാർ, ഷഹീർ, എച്ച്. ജിമാരായ അനിൽകുമാർ, സാബു എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. എഴുകോൺ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടൂരിൽ ഷവർമ എന്ന പേരിൽ ഭക്ഷണശാല നടത്തുകയായി​രുന്നു മിഥുൻ. സഹോദരി: മിനി

Post a Comment

0 Comments