
അഞ്ചാലുംമൂട് : 'അതെ ഗോപി തൊഴിലാളികളുടെ നേതാവാണ്. ആർക്കാണ് അതിൽ സംശയമുള്ളത്' - തൃക്കരുവ രണ്ടാം വാർഡിലെ തൊഴിലാളികൾ ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. പേരുകേട്ട ഒരു പാർട്ടിയുടെയും നേതാവല്ല പക്ഷേ ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗോപി ഒരു തങ്ങളുടെ ശബ്ദമാണ്. തൊഴിലാളികൾക്കെതിരായ നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നതുകൊണ്ട് പഞ്ചായത്ത് അധികൃതരും രാഷ്ട്രീയക്കാരും ഗോപിനാഥൻപിള്ളയെ കളിയാക്കി വിളിക്കുന്ന പേരാണ് 'തൊഴിലുറപ്പുകാരുടെ നേതാവ്' എന്ന്.
പ്രായം 60 കഴിഞ്ഞെങ്കിലും പഴയ ആരോഗ്യത്തിന്റെ കൈമിടുക്കിൽ വീട്ടിലിരിക്കാൻ ഗോപി തയ്യാറല്ല. അതുകൊണ്ടാണ് ഈ ഗോപിനാഥൻ പിള്ള ശാരീരിക അവശതകളെ മറന്നും ജോലിക്ക് എത്തുന്നത്. തൊഴിലുറപ്പിന്റെ പേരിൽ ഇവിടെ നടക്കുന്നത് തട്ടിപ്പാണെന്ന് ആരെയും കൂസാതെ ഗോപി പ്രതികരിക്കുന്നത് കേട്ടപ്പോൾ ഒന്നു ചോദിച്ചു എന്താണ് ഇത്ര ധൈര്യം. 'ഇതിനൊക്കെ ആരെങ്കിലും പ്രതികരിക്കണ്ടെ?' എന്നായിരുന്നു ഗോപിയുടെ മറുപടി.
ഗോപി പറയുന്നത് ഇങ്ങനെയാണ്..
പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് തൊഴിലാളികളുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. അവരുടെ ഇഷ്ടക്കാരായ ചിലർ പറയുന്നതാണ് ഉദ്യോഗസ്ഥർക്ക് വേദവാക്യം. പ്രതിഷേധിക്കുമ്പോൾ പറയുന്നത് അടുത്ത വാർഡുകളിൽ നിന്ന് ആളുകളെ ഇറക്കി ഇവിടെ ജോലി ചെയ്യിപ്പിക്കും എന്നാണ്. അല്ലെങ്കിൽ പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കുമെന്ന്. ഇതൊക്കെ തൊഴിലാളികളോടുള്ള നീതിനിഷേധം അല്ലേ എന്ന് ഗോപി ചോദിക്കുന്നു. അന്യായത്തിനെതിരെ സംസാരിച്ചാൽ ജോലിയിൽ ഒറ്റപ്പെടുത്തും. ചിലപ്പോൾ ജോലിയും തരാറില്ല. പക്ഷേ തനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
അതേ സമയം, മഴക്കാല ശുചീകരണ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കൊല്ലത്ത് തൊഴിൽ നിഷേധം. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളാണ് പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് അംഗവും ചേർന്ന് നിഷേധിച്ചതായി പരാതിയുള്ളത്. സംഭവത്തിന് പിന്നാലെ തൊഴിൽ സ്ഥലത്ത് തൊഴിലാളികൾ പഞ്ചായത്ത് അംഗത്തിനെതിരെയും മേറ്റിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം തുടർന്നാൽ മേറ്റുമാർ ആത്മഹത്യ ചെയ്യുമെന്ന് ഉൾപ്പെടെ ഭീഷണി മുഴക്കിയതായി തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളെ പഞ്ചായത്ത് അംഗവും മേറ്റുമാരും ചേർന്ന് മനപ്പൂർവ്വം ഒഴിവാക്കുകയാണെന്നും അവരുടെ ഇംഗിതത്തിന് നിൽക്കുന്നവരെ മാത്രമാണ് തൊഴിൽ ദിനങ്ങളിൽ ഉൾപ്പെടുത്തുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു. അതേസമയം സർക്കാരിൽ നിന്ന് നിർബന്ധിത ഉത്തരവുണ്ടെന്നും ആയതുകൊണ്ടാണ് തൊഴിൽ ദിനങ്ങളിൽ പങ്കെടുപ്പിക്കാത്തതെന്നുമാണ് പഞ്ചായത്തിന്റെ വാദം.
എന്നാൽ ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത് സർക്കാറിന്റെ നിർദ്ദേശിത ഉത്തരവിനെ നിർബന്ധിത ഉത്തരവാക്കി തെറ്റിദ്ധരിപ്പിച്ചായിരുന്നു മഴക്കാല ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത് എന്നാണ്. ഇതിൽ പങ്കെടുക്കാത്തവർ അടുത്ത ആറു ദിവസത്തെ ജോലിക്ക് പങ്കെടുക്കേണ്ടെന്ന് പഞ്ചായത്ത് മീറ്റിംഗ് കൂടി തീരുമാനിച്ചതായാണ് വിവരം. എന്നാൽ ഈ വിവരം തൊഴിലാളികളെ പഞ്ചായത്ത് അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ മറ്റ് ആവശ്യങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് വ്യാഴാഴ്ചത്തെ മസ്റ്റോളിൽ തങ്ങളുടെ പേര് മനപ്പൂർവ്വം ഒഴിവാക്കിയതായി മനസ്സിലാക്കിയത്. ഇതിന് പിന്നാലെ വ്യാഴാഴ്ച രണ്ടാം വാർഡിലെ തൊഴിൽ സ്ഥലത്ത് തൊഴിലെടുത്ത 22-ഓളം പേരുടെ തൊഴിൽ തൊഴിലാളികൾ തടഞ്ഞു. തുടർന്ന് ഒപ്പിട്ട തൊഴിലാളികൾ പിരിഞ്ഞു പോകുകയായിരുന്നു. ഉച്ചയ്ക്കുശേഷം വീണ്ടും എത്തിയാൽ പ്രതിഷേധം ശക്തമാക്കാനാണ് മാറ്റിനിർത്തപ്പെട്ട തൊഴിലാളികളുടെ തീരുമാനം. നിർദ്ദേശിത ശുചീകരണ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മാത്രം 55 പേർക്കാണ് തൊഴിൽ നിഷേധിച്ചത്. 'മരുന്നു മേടിക്കാൻ കാശില്ല എന്ന് പറഞ്ഞിട്ടും ജോലി തരില്ലെന്ന് മേറ്റ് പറഞ്ഞു' - ഒരു തൊഴിലാളി അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
0 Comments