
കൊല്ലം : മഴക്കാല ശുചീകരണ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കൊല്ലത്ത് തൊഴിൽ നിഷേധം. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളാണ് പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് അംഗവും ചേർന്ന് നിഷേധിച്ചതായി പരാതിയുള്ളത്. സംഭവത്തിന് പിന്നാലെ തൊഴിൽ സ്ഥലത്ത് തൊഴിലാളികൾ പഞ്ചായത്ത് അംഗത്തിനെതിരെയും മേറ്റിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം തുടർന്നാൽ മേറ്റുമാർ ആത്മഹത്യ ചെയ്യുമെന്ന് ഉൾപ്പെടെ ഭീഷണി മുഴക്കിയതായി തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളെ പഞ്ചായത്ത് അംഗവും മേറ്റുമാരും ചേർന്ന് മനപ്പൂർവ്വം ഒഴിവാക്കുകയാണെന്നും അവരുടെ ഇംഗിതത്തിന് നിൽക്കുന്നവരെ മാത്രമാണ് തൊഴിൽ ദിനങ്ങളിൽ ഉൾപ്പെടുത്തുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു. അതേസമയം സർക്കാരിൽ നിന്ന് നിർബന്ധിത ഉത്തരവുണ്ടെന്നും ആയതുകൊണ്ടാണ് തൊഴിൽ ദിനങ്ങളിൽ പങ്കെടുപ്പിക്കാത്തതെന്നുമാണ് പഞ്ചായത്തിന്റെ വാദം.
എന്നാൽ ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത് സർക്കാറിന്റെ നിർദ്ദേശിത ഉത്തരവിനെ നിർബന്ധിത ഉത്തരവാക്കി തെറ്റിദ്ധരിപ്പിച്ചായിരുന്നു മഴക്കാല ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത് എന്നാണ്. ഇതിൽ പങ്കെടുക്കാത്തവർ അടുത്ത ആറു ദിവസത്തെ ജോലിക്ക് പങ്കെടുക്കേണ്ടെന്ന് പഞ്ചായത്ത് മീറ്റിംഗ് കൂടി തീരുമാനിച്ചതായാണ് വിവരം. എന്നാൽ ഈ വിവരം തൊഴിലാളികളെ പഞ്ചായത്ത് അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ മറ്റ് ആവശ്യങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് വ്യാഴാഴ്ചത്തെ മസ്റ്റോളിൽ തങ്ങളുടെ പേര് മനപ്പൂർവ്വം ഒഴിവാക്കിയതായി മനസ്സിലാക്കിയത്. ഇതിന് പിന്നാലെ വ്യാഴാഴ്ച രണ്ടാം വാർഡിലെ തൊഴിൽ സ്ഥലത്ത് തൊഴിലെടുത്ത 22-ഓളം പേരുടെ തൊഴിൽ തൊഴിലാളികൾ തടഞ്ഞു. തുടർന്ന് ഒപ്പിട്ട തൊഴിലാളികൾ പിരിഞ്ഞു പോകുകയായിരുന്നു. ഉച്ചയ്ക്കുശേഷം വീണ്ടും എത്തിയാൽ പ്രതിഷേധം ശക്തമാക്കാനാണ് മാറ്റിനിർത്തപ്പെട്ട തൊഴിലാളികളുടെ തീരുമാനം. നിർദ്ദേശിത ശുചീകരണ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മാത്രം 55 പേർക്കാണ് തൊഴിൽ നിഷേധിച്ചത്. 'മരുന്നു മേടിക്കാൻ കാശില്ല എന്ന് പറഞ്ഞിട്ടും ജോലി തരില്ലെന്ന് മേറ്റ് പറഞ്ഞു' - ഒരു തൊഴിലാളി അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
തങ്ങളുടെ ഇഷ്ടക്കാർ ജോലിക്ക് വന്നില്ലെങ്കിലും ഒപ്പിടാൻ മേറ്റുമാരും പഞ്ചായത്ത് അംഗവും സൗകര്യം കൊടുക്കുമെന്നും സാധാരണ തൊഴിലാളികൾ ഒരു മരണത്തിനോ മറ്റോ പോയാൽ പിറ്റേദിവസം തൊഴിൽ നിഷേധിക്കുമെന്നും വൈരാഗ്യ ബുദ്ധിയോടെയാണ് ഇവർ തൊഴിലാളികളോട് പെരുമാറുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളെ വനിതാ സെല്ലിലും പോലീസിലും പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതിഷേധങ്ങൾ ഇത്രനാൾ ഒഴിവാക്കി വന്നത് എന്നാൽ ഇനി അത് സഹിക്കാൻ ആവില്ലെന്ന് കേസെടുത്താലും അനീതിക്കെതിരെ പ്രതിഷേധിക്കുമെന്നും തൊഴിലാളി പ്രതിനിധികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു. മേറ്റുമാർ പലപ്പോഴും തൊഴിൽ ദിനങ്ങളിൽ പങ്കെടുക്കാറില്ല രാവിലെ ഒപ്പിട്ടതിനു ശേഷം അവർ പലവഴിക്ക് പോകും ചിലർക്ക് കല്യാണവും പാലുകാച്ചലും ആണ് വലുത് അവർ തൊഴിൽ ചെയ്യാറില്ല പക്ഷേ എന്നിട്ടും ചെയ്യുന്നവരെ കൂടി ഇല്ലായ്മ ചെയ്യാനാണ് അവർ ശ്രമിക്കുന്നത് - തൊഴിലാളികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു. ഇതിനെല്ലാം രണ്ടാം വാർഡിലെ പഞ്ചായത്ത് അംഗവും കൂട്ടുനിൽക്കുന്നതായും അവർ ആരോപിച്ചു. കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബുവാണ് രണ്ടാം വാർഡിലെ പഞ്ചായത്തംഗം. മെമ്പർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
0 Comments