banner

ലേശം ഉളുപ്പ് വേണ്ടേ!, സൂപ്പര്‍ മാര്‍ക്കറ്റില്‍ നാല് തവണയും കക്കാൻ കയറിയത് ഒരേ കള്ളൻ, കവർന്നത് പണവും ഷാംപൂവും പെർഫ്യൂമുകളും, കയറിയ തവണയൊക്കെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടും കള്ളനെ കണ്ടെത്താനാകാതെ പോലീസ്


സ്വന്തം ലേഖകൻ
കണ്ണൂർ : പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകള്‍ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

ഇതുവരെ നാല് തവണയാണ് ഒരേയാള്‍ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറില്‍ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും.

ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂള്‍ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കുടിച്ചാണ് കളളൻ പോയത്.

സൂപ്പർ മാർക്കറ്റിലുളളവർ സിസിടിവി നോക്കിയപ്പോള്‍ നല്ല പരിചയമുളളയാള്‍. മുൻപ് മൂന്ന് തവണയും മോഷ്ടിക്കാൻ കയറിയ വിരുതൻ. അന്നെല്ലാം വെന്‍റിലേറ്റർ ഇളക്കിമാറ്റി ആ വഴിയായിരുന്നു വരവ്.

അത് കണ്ടെത്തി ഭദ്രമായി അടച്ചതാണ്. എന്നിട്ടും പിൻമാറാതെ ഷീറ്റിളക്കി കളളൻ അകത്തെത്തി. ആളെ കൃത്യമായി കണ്ടിട്ടും , കവർച്ച ആവർത്തിച്ചിട്ടും പയ്യന്നൂർ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അവർക്കും ക്ഷീണം.

Post a Comment

0 Comments