banner

അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം!, പിടിയിലായത് സി.പി.എം നേതാവിൻ്റെ മകനെന്ന് ജന്മഭൂമി ദിനപത്രം, കേസ് അട്ടിമറിച്ചാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നും ആരോപണം, ലഹരിമരുന്നും സിറിഞ്ചും പിടികൂടിയെന്ന് റിപ്പോർട്ട് - Special Report

Published from Blogger Prime Android App
പ്രത്യേക ലേഖകൻ 
അഞ്ചാലുംമൂട് :  കാഞ്ഞാവെളിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ എക്സൈസിനെതിരെ ജന്മഭൂമി ദിനപത്രം. സി.പി.എം നേതാവിൻ്റെ മകനായതിനാൽ ലഹരിമരുന്ന് പിടികൂടിയിട്ടും കേസ് അട്ടിമറിച്ച് പ്രതിക്ക് ജാമ്യം നൽകിയതെന്നാണ് കൊല്ലം റെയ്ഞ്ച് എക്സൈസിനെതിരെ ജന്മഭൂമിയുടെ റിപ്പോർട്ട്. സി.പി.എം പ്രാദേശിക നേതാവിൻ്റെ മകനാണ് വെള്ളിയാഴ്ച എക്സൈസ് പിടിയിലായ ക്യൂറേഷ് (28) എന്ന് ജന്മഭൂമി റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും സിറിഞ്ചും പിടിച്ചെടുത്തിരുന്നതായും ഇതിൽ കഞ്ചാവ് പിടിച്ചെടുത്തതിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തു ക്യൂറേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് ഒഴിവാക്കി കഞ്ചാവിന്റെ അളവ് കുറച്ചു കാണിച്ച് സ്റ്റേഷൻ ജാമ്യം നൽകിയതാണെന്നും പിന്നിൽ സിപിഎം നേതൃത്വത്തിൽ നടന്ന ഇടപെടലാണന്നും ജന്മഭൂമിയുടെ തിങ്കളാഴ്ചത്തെ റിപ്പോർട്ടിൽ ആരോപിക്കുന്നു. 

ലബോറട്ടറി പരിശോധന ഫലം വന്നശേഷം മാത്രമേ കഞ്ചാവിന് ഒപ്പം പിടിച്ചെടുത്ത വെള്ളപ്പൊടി എന്തെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നും എന്നാൽ പരിശോധനാഫലം വരുംമുമ്പ് പ്രതിക്ക് ജാമ്യം നൽകിയത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും ഇതോടെ പരിശോധനാഫലം എന്താകുമെന്ന് ഉറപ്പാണെന്നും നിയമവിദഗ്ധർ പറഞ്ഞതായി റിപ്പോർട്ടിൽ ജന്മഭൂമി ചൂണ്ടിക്കാട്ടുന്നു. രഹസ്യ വിവരത്തെത്തുടർന്ന് വീട് വളഞ്ഞ് പിടികൂടിയതായും വലിയ അളവിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തതായും പ്രദേശവാസികൾ പറയുന്നെന്നും എം.ഡി.എം.എ ആണെന്നാണ് എക്സൈസ് സംഘം ആദ്യം പ്രതികരിച്ചതെന്നും എന്നാൽ മണിക്കൂറുകൾക്കു ശേഷം എക്സൈസ് നിലപാട് മാറ്റി പിടിച്ചെടുത്തത് എം.ഡി.എം.എ അല്ലെന്നും വെളുത്ത പൊടിയാണെന്നും അത് എന്താണെന്ന് സ്വീകരിക്കാൻ ലാബിലേക്ക് അയച്ചതെന്നുമായി പുതിയ വിശദീകരണമെന്നും ജന്മഭൂമി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അതേ സമയം, പിടിയിലായ യുവാവിൽ നിന്ന് എം.ഡി.എം.എയാണ് പിടികൂടിയത് എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണ് ആദ്യം അഷ്ടമുടി ലൈവിനോട് സ്ഥിരീകരിച്ചത് എന്നാൽ പിന്നീട് വിവരം നിരാകരിക്കുകയായിരുന്നു. പിടിച്ചെടുത്ത വെളുത്ത പൊടി എം.ഡി.എം.എ ആണെന്ന് തെറ്റിദ്ധരിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ അങ്ങനെ പറഞ്ഞതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. പിന്നാലെയാണ് 25 ഗ്രാം കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചത് എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടതായാണ് എക്സൈസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി പിന്നീട് അറിയിച്ചത്. സാധാരണഗതിയിൽ പിടിച്ചെടുക്കുന്നതായ എം.ഡി.എം.എ പോലെയുള്ള ലഹരിവസ്തുക്കൾ ഉദ്യോഗസ്ഥരുടെ പക്കലുള്ള ടൂൾ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരിക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ ഇങ്ങനെയുള്ള സ്ഥിരീകരണമല്ല നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment

0 Comments