banner

വീണ്ടും വൻകവർച്ച!, ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയില്‍ വീട് കുത്തിത്തുറന്ന് പത്തര പവന്റെ ആഭരണങ്ങള്‍ എടുത്തോണ്ട് പോയി മോഷ്ടാക്കൾ, മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിൽ കണ്ടതും കാർപോർച്ചില്‍ ലൈറ്റിട്ടിരുന്നതും വിനയായി


സ്വന്തം ലേഖകൻ
കണ്ണൂർ : കണ്ണൂരിനെ ഞെട്ടിച്ചു വീണ്ടും വൻകവർച്ച. ആന്തൂർ നഗരസഭയിലെ അഞ്ചാം പീടികയില്‍ വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയില്‍ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയത്.

ധർമ്മശാല-അഞ്ചാംപീടിക റൂട്ടില്‍ അഞ്ചാംപീടിക ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നില്‍ ശശിധരന്റെ വീട് കുത്തിത്തുറന്നാണ് പത്തര പവന്റെ ആഭരണങ്ങള്‍ കവർച്ച ചെയ്തത്.

ശശിധരനും ഭാര്യ പ്രീതയും മകൻ അമലുമാണ് വീട്ടില്‍ താമസം. വിവാഹിതയായ മകള്‍ അമൃത കുഞ്ഞിമംഗലത്തെ ഭർതൃവീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയി. ഞായറാഴ്‌ച്ച രാത്രി 10.30ഓടെയാണ് തിരിച്ചെത്തിയത്.

വിളക്കുവെക്കുന്ന സ്ഥലത്ത് വാതില്‍ തുറന്നപ്പോള്‍ തന്നെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തി. അതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും ശശിധരന്റെ സഹോദരനായ ആന്തൂർ നഗരസഭ കൗണ്‍സിലർ മോഹനനെ വിവരം അറിയിക്കുകയും ചെയ്തു. മോഹനനെത്തി പൊലീസില്‍ വിവരം അറിയിച്ചു. തളിപ്പറമ്ബ അഡീ. എസ്‌ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രാത്രി 11.30 ഓടെ എത്തിയ പൊലീസിന്റെ പരിശോധനയില്‍ വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്നതായും അലമാരകള്‍ കുത്തിത്തുറന്ന് മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടതായും കണ്ടെത്തി.

മൂന്ന് സ്റ്റീല്‍ അലമാരകളില്‍ നടുക്കുള്ള അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിളക്ക് കത്തിക്കുന്നതിന് അടുത്ത് തന്നെ ചെറിയൊരു ഭണ്ഡാരം സൂക്ഷിച്ചിരുന്നു. അത് കുത്തിത്തുറന്ന് അതിലുള്ള പണവും കവർന്നു. ഇരുനില വീടിന്റെ ടെറസ് വഴിയാണ് കവർച്ചക്കാർ വീടിന് അകത്ത് കയറിയത്. ടെറസില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള വാതിലിന്റെ ടവർ ബോള്‍ട്ട് തകർത്ത നിലയില്‍ കാണപ്പെട്ടു. വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു.

മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിലുണ്ടായിരുന്നു. കാർപോർച്ചില്‍ ലൈറ്റുമിട്ട് വച്ചിരുന്നു. ഇത് വീട്ടില്‍ ആരുമില്ലെന്ന് കവർച്ചക്കാർക്ക് ഉറപ്പിക്കാൻ വഴിയൊരുക്കിയെന്നാണ് പൊലീസ് കരുതുന്നത്. ശശിധരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഡിവൈ.എസ്‌പി: പി.പ്രമോദ്, സിഐ ബെന്നിലാല്‍ എന്നിവരും വിരലടയാള വിദഗ്ധരും പരിശോധനക്ക് എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും അന്വേഷണം നടത്തി.തളിപറമ്ബ് മേഖലയില്‍ തുടർച്ചയായി നടക്കുന്ന മോഷണങ്ങള്‍ കാരണം ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടു പോലും പൊലിസിന് പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.

Post a Comment

0 Comments