banner

വിട്ടുവീഴ്‌ച്ച നടത്താൻ ഒരുക്കമല്ലെന്ന നിലപാടിൽ സി.പി.ഐ!, രാജ്യസഭാ സീറ്റിലെ കേരളാ കോണ്‍ഗ്രസിൻ്റെ ആഗ്രഹം നിറവേറാൻ സാധ്യതയില്ല, അടുത്തതവണ സീറ്റു നല്‍കാമെന്ന ധാരണയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സൂചന, വലിയ സ്വപ്നങ്ങളോടെ കോൺഗ്രസ് വിട്ട ജോസ് കെ മാണി ഒരു പദവിയുമില്ലാതെ നടക്കേണ്ടി വരുമോ?


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബാർകോഴ കേസില്‍ കെ എം മാണിയെ തെറിവിളിച്ചു പുറത്തുചാടിക്കാൻ മുന്നില്‍ നിന്ന സിപിഎം പാളയത്തിലേക്ക് ജോസ് കെ മാണി കയറിയത് വലിയ സ്വപ്നങ്ങളോടെ ആയിരുന്നു. യുഡിഎഫില്‍ നിന്നും മറുകണ്ടം ചാടിയതോടെ അതിന്റെ നേട്ടം സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍, പാലയില്‍ ജോസ് കെ മാണി തോറ്റത് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ വീണ്ടും തഴയുകയാണെന്ന വികാരണം പാർട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം കേരളാ കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാൻ നടന്നേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിപിഐയും കേരള കോണ്‍ഗ്രസും(എം) നോട്ടമിടുന്ന രാജ്യസഭാ സീറ്റില്‍ സിപിഎം മുൻഗണന നല്‍കുന്നതു സിപിഐക്ക് തന്നെയാകും എന്നതാണ് പുറത്തുവരുന്ന സൂചന. കേരളാ കോണ്‍ഗ്രസിന് അടുത്തതവണ സീറ്റു നല്‍കാമെന്ന ധാരണയുണ്ടാക്കിയേക്കും. എന്നാല്‍, രാജസഭാ സീറ്റിന് പകരം ജോസ് കെ മാണിക്ക് എന്തു സ്ഥാനം നല്‍കുമെന്ന ചോദ്യത്തിന്് ഉത്തരമായിട്ടില്ല.

ജൂണ്‍ 6 മുതലാണു പത്രിക നല്‍കാവുന്നത്. അതായതു ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടൻതന്നെ എല്‍ഡിഎഫ് ചേർന്നു രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കണം. സിപിഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ചക്ക് സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ രാജ്യഭാ മോഹം പൊലിയാനാണ് സാധ്യത.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്‌എം) എന്നീ എല്‍ഡിഎഫിലെ 3 പേർ ഒഴിയുമ്ബോള്‍ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്‌ലിം ലീഗിന് ആണെന്നു ധാരണയായിട്ടുണ്ട്. മൂന്നില്‍ ഒന്ന് സിപിഎം തന്നെ നിലനിർത്തും. ഇതിന് ദേശീയ സാഹചര്യങ്ങളെ കുറിച്ചാകും പറയുക. രണ്ടാം സീറ്റ് മുന്നണിയിലെ രണ്ടാമൻ എന്ന നിലയില്‍ സിപിഐക്ക് തന്നെയാണ് മുൻതൂക്കം.

റോട്ടേഷൻ വ്യവസ്ഥയില്‍ തീരുമാനമെടുക്കുന്ന രീതി കണക്കിലെടുത്താല്‍ ഊഴം സിപിഐക്കാണെന്നു സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി. 17 നിയമസഭാ സീറ്റുള്ള കക്ഷി എന്നതും അവർക്കു മേല്‍ക്കൈ നല്‍കുന്നു. കേരള കോണ്‍ഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്.

അതേസമയം ജോസ് കെ മാണിക്ക് എന്ത് സ്ഥാനം നല്‍കുമെന്ന ചോദ്യവും പ്രസ്‌കതമാണ്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ ജോസിന് പദവികള്‍ ഇല്ലാതെ കഴിയേണ്ടി വരും. രണ്ടാം പിണറായി സർക്കാർ വന്നശേഷം പ്രവർത്തനം നിലച്ച ഭരണപരിഷ്‌കാര കമ്മിഷൻ പുനരുജ്ജീവിപ്പിച്ച്‌ അതിന്റെ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ കേരള കോണ്‍ഗ്രസിനു നല്‍കി സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമെന്ന പ്രചാരണം ശക്തമാണ്. ഈ പ്രചരണം കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നു തന്നയാണെന്നാണ് പുറത്തുവരുന്ന നിഗമനം. സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ പദവി പുനരുജ്ജീവിപ്പിച്ചാല്‍ അതും വിവാദമാകും എന്നതാണ് പ്രതിസന്ധി.

എല്‍ഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്‌നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. എന്നാല്‍, കേന്ദ്രനേതൃത്വം അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. രാജ്യസഭാ സീറ്റ്, സ്ഥാനാർത്ഥിത്വം എന്നിവയില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കപ്പെടാറുണ്ട്. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി യെച്ചൂരി അടക്കമുള്ളവർ നോ പറയാനാണ് സാധ്യത കൂടുതല്‍. അതേസമയം കേരളത്തിന്റെ തല്‍പ്പര്യം പരിഗണിച്ചാല്‍ പിണറായി തന്നെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാർട്ടിയുടെ സാധ്യത കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുമെന്നും പാർട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടർന്നാണ് കേരളത്തില്‍ ഭരണത്തുടർച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ രണ്ടു പാർട്ടികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ആർജെഡി, എൻസിപി പാർട്ടികളാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാർട്ടിക്ക് അനുവദിക്കണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാർട്ടി ആവശ്യപ്പെടുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എൻസിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

Post a Comment

0 Comments