banner

തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കനത്ത തിരിച്ചടി!, സ്റ്റേഡിയം വാർഡിലെ ഈ പ്രദേശത്ത് തെരുവ് വിളക്ക് ഉടൻ സ്ഥാപിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവ്


അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ സ്റ്റേഡിയം അഞ്ചാം വാർഡിലെ കാഞ്ഞിരംകുഴി - ഗുരുമന്ദിരം റോഡിൽ ജൂൺ 30നകം വഴിവിളക്ക് സ്ഥാപിച്ച റിപ്പോർട്ട് ചെയ്യണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവായി. പ്രദേശവാസിയായ അറഫയിൽ എ നസീമ നൽകിയ പരാതിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ നടപടി സ്വീകരിച്ചത്. കാഞ്ഞിരക്കുഴി -  ഗുരുമന്ദിരം റോഡിൽ സിഎസ്ഐ പള്ളിയുടെ തെക്കുകിഴക്ക ഭാഗം മുതൽ കരുവാ മുസ്ലിം ജമാഅത്തിന്റെ കവാടം വരെ തെരുവിളക്കില്ലെന്ന് കാട്ടിയാണ് നസീമ പരാതി സമർപ്പിച്ചത്. പരാതിയിൽ ഓൺലൈനായി നടത്തിയ ഹിയറിങ്ങിലാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതിയിൽ പറയുന്ന സ്ഥലത്ത് പരിശോധന നടത്തിയതായി കാണിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ പത്രികയിൽ പ്രദേശത്ത് തെരുവിളക്ക് സ്ഥാപിക്കുന്നതിന് മൂന്ന് പോസ്റ്റ് കൂടി വേണ്ടതുണ്ടെന്നും ഇത് സ്ഥാപിക്കുന്നതിൽ എതിർവാദം ഇല്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡിൽ പുതുതായി 3 പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കണമെങ്കിൽ 52,O39 രൂപ ആവശ്യമാണെന്നും അത് പഞ്ചായത്ത് ആണ് മുടക്കേണ്ടതെന്നും ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഒന്നാം എതിർകക്ഷിയായ തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രത്യേകമായ പത്രിക സമർപ്പിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച ഓംബുഡ്സ്മാൻ രണ്ടാം എതിർകക്ഷിയായ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രന്റെ പത്രിക തള്ളാതെയാണ് ജൂൺ 30നകം തെരുവു വിളക്ക് സ്ഥാപിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി ഉത്തരവിട്ടുകൊണ്ട് പരാതി തീർപ്പാക്കിയത്.

പരാതിക്കാരി ആദ്യം പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡൻ്റിനും തെരുവു വിളക്കില്ലാത്തതിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കാര്യമായ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല. മാത്രമല്ല പരാതി ഉന്നയിച്ചതിനെ തുടർന്ന് പഞ്ചായത്ത് നടപടികളിൽ അമാദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. തുടർന്നാണ് മുൻ സർക്കാർ ഉദ്യോഗസ്ഥ കൂടിയായ നസീമ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ പരാതിയുമായി സമീപിച്ചത്. ഭർത്താവ് അഡ്വക്കേറ്റ് എ സലീം ആണ് നസീമക്കായി ഓംബുഡ്സ്മാന് മുന്നിൽ വാദമുഖങ്ങൾ അവതരിപ്പിച്ചത്.

Post a Comment

0 Comments