banner

വിവാഹമോചന പരാതിയുമായെത്തിയ സ്ത്രീയെ പീഡനത്തിനിരയാക്കി!, ഓഫിസിലും വീട്ടിലും വച്ച് പീഡിപ്പിച്ചതായി കേസ്, രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

Published from Blogger Prime Android App
തലശ്ശേരി :
വിവാഹമോചന പരാതിയുമായെത്തിയ സ്ത്രീയെ ഓഫിസിലും വീട്ടിലും പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഡ്വ. എം.ജെ. ജോണ്‍സണ്‍, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവരാണ് പിടിയിലായത്. ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. തലശ്ശേരി എസ്.എച്ച്.ഒവിന് നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികള്‍ 2023 ഒക്ടോബര്‍ 18ന് ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. അറസ്റ്റ് വൈകിയതോടെ ഇരയായ സ്ത്രീ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു.

ഇത് ഏപ്രില്‍ 22ന് പരിണിച്ച ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് പ്രശാന്ത്കുമാര്‍ മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച് നാലാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി അരുണ്‍ കെ. പവിത്രന്‍ മുമ്പാകെ തലശ്ശേരി എ.എസ്.പി ഓഫിസില്‍ പ്രതികള്‍ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ് അറസ്റ്റിലായ അഭിഭാഷകര്‍. എം.ജെ. ജോണ്‍സണ്‍ യു.ഡിഎഫ് ഭരണകാലത്ത് തലശ്ശേരി ജില്ലാ കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്നു.

Post a Comment

0 Comments