
കാസര്‍കോട് : മഞ്ചേശ്വരം കുന്നത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും രണ്ട് ആണ്‍മക്കളും മരിച്ചു. തൃശൂര്‍ ഇരിങ്ങാക്കുട സ്വദേശിയും യുഎഇ പ്രവാസിയുമായ ശിവകുമാര്‍(54), മക്കളായ ശരത്(23), സൗരവ്(15)എന്നിവരാണ് മരിച്ചത്. ചൊവ്വ ഉച്ചയോടെയാണ് അപകടം.
ബംഗളുരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും രോഗിയുമായ മംഗലാപുരത്തേക്ക് പോയ ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറിനും ആംബുലന്‍സില്‍ രോഗിക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു.
മൂകാംബിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായതിനാൽ ശിവകുമാറിന്‍റെ ഭാര്യ യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല.
ശിവകുമാർ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു.
ശരത് ബിടെക് കഴിഞ്ഞ് അയർലൻഡിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വിവരമറിഞ്ഞ് ബന്ധുക്കൾ മഞ്ചേശ്വരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മഞ്ചേശ്വരം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
0 Comments