
കൊല്ലം : പത്തനാപുരത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പത്തനാപുരം കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിൽ നന്ദുഭവനിൽ സുരേന്ദ്രന്റെയും സുശീലയുടെയും മകൻ നന്ദു(24) വിനെയാണ് സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചത്.
പ്രദേശവാസികളായ സ്ത്രീകൾ വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് വെള്ളിയാഴ്ച രാവിലെ മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുകയും ശേഷം വൃത്തിഹീനമായ സ്ഥലത്ത് കൊണ്ടിടുകയുമായിരുന്നുവെന്ന് പിതാവ് പത്തനാപുരം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കോളനിയിൽ അടുത്തടുത്താണ് വീടുകൾ. സ്ത്രീകൾ അറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസ് നന്ദുവിനെ ഇവർ കെട്ടിയിട്ട് മർദിക്കുന്നതായി അറിയിച്ചിട്ടും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ യുവാവിന്റെ വീട്ടുകാർ കെട്ടിയിട്ട് മർദിക്കുന്നതായി അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
യുവാവിന്റെ അച്ഛൻ ശാരീരികവെല്ലുവിളി നേരിടുന്നയാളാണ്. ഇവരുടെ രണ്ടുമക്കളും മാനസികവെല്ലുവിളി നേരിടുന്നവരുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് പോലീസിൽനിന്നു നീതി ലഭിച്ചില്ലെന്നും മർദിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർക്കും മറ്റ് ഉന്നതാധികാരികൾക്കും പരാതി നൽകുമെന്ന് യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു
0 Comments