സ്വന്തം ലേഖകൻ
മലപ്പുറം : പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും.
സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ. ഫാത്തിമാബീവി ഉത്തരവിട്ടു. 2020 മേയ് 21-നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകള്‍ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസില്‍ വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.
ഒന്നാംപ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുവർഷവും മൂന്നുമാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴ സംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികള്‍ പിഴയടക്കാത്ത പക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് ഇബ്രാഹിം, ഇൻസ്പെക്ടർ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക് ഹാജരായി.
.jpg)
0 Comments