banner

കേരളത്തിൽ രണ്ടു വർഷമായി നിലച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി!, ഈ മാസം പകുതിയോടെ സംസ്ഥാനത്ത് അനുവദിക്കുന്ന മുപ്പത്തിനായിരത്തിൽ അധികം പുതിയ വീടുകളുടെ പ്രഖ്യാപനമുണ്ടായേക്കും, കാത്ത് ഗ്രാമീണ മേഖല


സ്വന്തം ലേഖകൻ
പാലക്കാട്‌ : കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ (പി.എം.എ.വൈ) ഭവനപദ്ധതിയില്‍ കേരളത്തിന് 30,000 ത്തിലധികം പുതിയ വീടുകള്‍ അനുവദിച്ചേക്കും. വീടുകളുടെ പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും. സ്പില്‍ ഓവർ നിർമ്മാണങ്ങള്‍ വേഗം തീർക്കണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

രണ്ടുവർഷമായി പി.എം.എ.വൈ ഭവനപദ്ധതിയില്‍ കേരളത്തില്‍ പുതിയവീടുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെയാണ് രാജ്യത്താകെ രണ്ടുകോടി വീടുകള്‍ ഗ്രാമീണമേഖലയില്‍ നിർമ്മിക്കുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. ബഡ്ജറ്റിനു പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തുടർ നടപടികള്‍ താത്കാലികമായി നിറുത്തിവെയ്ക്കുകയായിരുന്നു.

ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര,സംസ്ഥാന സംയുക്ത ഉദ്യോഗസ്ഥതല യോഗങ്ങള്‍ ചേർന്ന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും 30,000ലധികം വീടുകള്‍ അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നല്‍കുന്ന സൂചന.

2019 മാർച്ചില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് സർവേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 2,14,124 ഭവനരഹിതരെയാണ് കേന്ദ്രസർക്കാർ അർഹരായ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം 2021- 22 സാമ്ബത്തിക വർഷത്തില്‍ 13,114 വീടുകള്‍ക്ക് അനുമതി നല്‍കി. ശേഷിക്കുന്നവർ മറ്റേതെങ്കിലും ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണക്കെടുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വീടിന്റെ യൂണിറ്റ് കോസ്റ്റ് തുക (ഒരുവീട് നിർമ്മിക്കാനുള്ള അടിസ്ഥാന ചെലവ്) കൂട്ടിനല്‍കണമെന്ന് കേന്ദ്രത്തിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വീടിന് നാലുലക്ഷം രൂപ കേന്ദ്രസർക്കാർ നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Post a Comment

0 Comments