banner

ജസ്പ്രീത് ബുമ്ര കാത്തു!, പാകിസ്ഥാനെ ഇന്ത്യ തകർത്തത് ബൗളിങ്ങിലൂടെ, ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യൻ ടീമിൻ്റെ തേരോട്ടം, ആവേശപോരാട്ടം ഇങ്ങനെ

Published from Blogger Prime Android App
ന്യൂയോര്‍ക്ക് : ടി20 ലോകകപ്പില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്‌കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍പി. ടി20 ലോകകപ്പില്‍ ഇന്ത്യ പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 

സ്‌കോര്‍ ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ ഔട്ട്, പാകിസ്ഥാന്‍ 20 ഓവറില്‍ 113-7. മുഹമ്മദ് റിസ്വാന്‍ ക്രീസിലുള്ളപ്പോള്‍ 14 ഓവറില്‍ 80 റണ്‍സിലെത്തിയിരുന്ന പാകിസ്ഥാന് അവസാന ആറോവറില്‍ 40 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ബുമ്ര ആദ്യ പന്തില്‍ തന്നെ പൊരുതി നിന്ന മുഹമ്മദ് റിസ്വാനെ(44 പന്തില്‍ 31) മനോഹരമായൊരു ഇന്‍സ്വിംഗറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്ഥാന്‍ പതറി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ ഷദാബ് ഖാനെയും വീഴ്ത്തി പാകിസ്ഥാനെ ബാക്ക് ഫൂട്ടിലാക്കി. ഇതോടെ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട പാകിസ്ഥാന് അവസാന മൂന്നോവറില്‍ ലക്ഷ്യം 30 റണ്‍സായി. പതിനെട്ടാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് നോ ബോള്‍ അടക്കം 9 റണ്‍സ് വഴങ്ങിയതോടെ ലക്ഷ്യം രണ്ടോവറില്‍ 21 റണ്‍സായി. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ബുമ്ര അവസാന പന്തില്‍ ഇഫ്തീഖര്‍ അഹമ്മദിനെ പുറത്താക്കി പാക് ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സാക്കി.

Post a Comment

0 Comments