സ്വന്തം ലേഖകൻ
കൊല്ലം പരവൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴയില്‍ നിന്ന് പിടികൂടിയ പ്രതികളെ പൊലീസ് മർദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്. പൊലീസ് മര്‍ദനത്തില്‍ ഡിവൈഎഫ്െഎ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.
പരവൂർ കുറുമണ്ടല്‍ സ്വദേശികളായ വിഷ്ണു, സുനീഷ് കുമാർ , സജീഷ്, അനീഷ്, വരുൺനാഥ് എന്നിവരാണ് പിടിയിലായത്. ഏപ്രിൽ പത്തിന് രാത്രി പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുറുമണ്ടൽ സ്വദേശി വിഷ്ണുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്ര പരിസരത്ത് അലങ്കാരപ്പണികള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്ളബ് അംഗങ്ങള്‍ തമ്മിലുളള വാക്കുതർക്കമാണ് അക്രമണത്തിലെത്തിയത്.
പൈപ്പും ഇരുമ്പുവടിയും സ്റ്റംപും ഉപയോഗിച്ച് വിഷ്ണുവിനെ തല്ലിച്ചതച്ചു. കൈതല്ലി ഒടിക്കുകയും തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് എഫ്െഎആറില്‍ പറയുന്നത്. പ്രതികള്‍ പിന്നീട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം പ്രതികളെ ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം പ്രതികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപണമുണ്ട്. പ്രതിയായ സുനീഷിന് മര്‍ദനമേറ്റ വിവരം അറിഞ്ഞ് രാത്രിയില്‍ ഡിവൈഎഫ്െഎ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. സിെഎ ജെ.എസ്. പ്രവീണിനെതിരെയാണ് ആരോപണം.
ചാത്തന്നൂര്‍ എസിപി സ്ഥലത്തെത്തിയ ശേഷം സുനീഷിനെ പിന്നീട് നെടുങ്ങോലം താലൂക്കാശുപത്രിയിലും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരവൂര്‍ മുനിസിപ്പല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനീഷ് ഉള്‍പ്പെടെയുളളവര്‍ പൊലീസ് മര്‍ദനത്തിന്റെ കാര്യം കോടതിയെ ബോധിപ്പിച്ചു. പ്രതികളെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
0 Comments