
കണ്ണൂര്‍ : തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍. ചരിത്രത്തെ ശരിയായ രീതിയില്‍ വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചുവെന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ട് പോകണമെന്നും ജയരാജന്‍ പറഞ്ഞു.
ടിപി വധക്കേസ് പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ അനുസ്മരണ പരിപാടിയിലായിരുന്നു ജയരാജന്റെ പ്രതികരണം. “ഇതുവരെ ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങളിലും നിലപാടുകളിലും ശക്തമായി ഉറച്ചുനില്‍ക്കണം. പോരായ്മകള്‍ പരിശോധിച്ച് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോയാല്‍ ഇനിയും തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. തോറ്റാലും ജയിച്ചാലും ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുക എന്നതാണ് കാര്യം.” – ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചിട്ടുണ്ട്. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വളർച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്ന് പിബി വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മറ്റികളിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ച ശേഷം എന്തൊക്കെ തിരുത്തൽ വേണമെന്ന് തുടർന്ന് തീരുമാനിക്കും.
0 Comments