സ്വന്തം ലേഖകൻ
തിരുവനന്തപുരം : മഴക്കാലം പകര്‍ച്ചവ്യാധികളുടെയും കാലമാണ്. പ്രായഭേദമന്യേ രോഗങ്ങൾ പകരാൻ സാധ്യത കൂടുതലാണ്. സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഡെങ്കുപ്പനിയും, എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടരുകയാണ്. പ്രതീക്ഷിക്കുന്ന സമയത്തിനേക്കാൾ വേഗത്തിലാണ് ഡെങ്കുവും എലിപ്പനിയും ബാധിക്കുന്നവരുടെ കണക്ക് ഉയരുന്നത്.
മെയ് മാസം മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗബാധിതരുടെ കണക്കിൽ അഞ്ച് മടങ്ങ് വർധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നൽകുന്ന മുന്നറിയിപ്പ്. മെയ് മാസം മാത്രം 702 പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1659 കേസുകള്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സംസ്ഥാനത്ത് മെയ് മാസത്തില്‍ എട്ട് മരണങ്ങള്‍ ഉണ്ടായി. ഈ വര്‍ഷം 3000ത്തോളം പേരിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് മാസത്തിനിടയില്‍ 18 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് എ യുടെ വ്യാപനം ആരോഗ്യമേഖലയില്‍ വലിയ ആശങ്ക ഉയർത്തിയിരുന്നു. അതേസമയം, കാലാവസ്ഥ മാറിയതോടെ വൈറസ് വ്യാപനത്തില്‍ കുറവുണ്ടാവുമെന്നാണ് ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നത്.
വരള്‍ച്ചയും ശുദ്ധമല്ലാത്ത ജലം വിതരണവുമാണ് മഞ്ഞപ്പിത്തം ക്രമാതീതമായി വർധിക്കാൻ കാരണമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മഞ്ഞപ്പിത്തത്തേക്കാൾ ജാഗ്രത പുലർത്തേണ്ടത് എലിപ്പനിയ്ക്കും ഡെങ്കുപ്പനിയ്ക്കും എതിരെയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മഴക്കാലത്തിന് മുമ്പുതന്നെ കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുതുടർന്നാൽ ഡെങ്കു അതിന്റെ പാരമ്യത്തില്‍ എത്തുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നു.
‘കാലാവസ്ഥയാണ് പകര്‍ച്ചവ്യാധികള്‍ ഇങ്ങനെ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. ചൂട് കൂടിയപ്പോള്‍ വെള്ളം ഇല്ലാതായി, ഉള്ളത് മലിനമായി. കുടിവെള്ള വിതരണം കാര്യക്ഷമമായി ശ്രദ്ധയോടെയല്ലാത്തതിനാലാണ് ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത വ്യാപനമുണ്ടായതെന്ന് കരുതുന്നു.’ മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി എസ് അനീഷ് പറഞ്ഞു.
‘എന്നാല്‍ ഡെങ്കുവും എലിപ്പനിയുമാണ് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂണ്‍, ജൂലൈ അവസാനത്തോടെയാണ് ഡെങ്കു പീക്കില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ നാലോ അഞ്ചോ ഇരട്ടി അതില്‍ നിന്ന് കൂടുതലാണ്. വളരെ കാലതാമസമില്ലാതെ തന്നെ ഡെങ്കു പീക്കില്‍ എത്തും. അതുപോലെ തന്നെയാണ് എലിപ്പനിയും. മഴക്കാലത്താണ് കൂടുതലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയത്ത് മലിന ജലവുമായി ആളുകള്‍ കൂടുതല്‍ ഇടപഴകുന്ന നിലയുണ്ടാകുന്നു എന്നതാണ് അതിന് കാരണം. 2018 പ്രളയത്തില്‍ പോലും അതാണുണ്ടായത്. പ്രളയത്തിന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. എന്നാല്‍ ഇത്തവണ എലിപ്പനി അനിയന്ത്രിതമായി വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ മഴ, തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ കണക്കില്‍ വലിയ കൂടുതല്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.’ ഡോ. അനീഷ് വ്യക്തമാക്കി.
മെയ് മാസം മാത്രം 1160 പേര്‍ക്ക് ഡങ്കു സ്ഥിരീകരിച്ചു. മൂന്ന് പേര്‍ ഡെങ്കു പിടിപെട്ട് ആ മാസം മരിച്ചു. ഈ വര്‍ഷം ഡെങ്കു പിടിപെട്ട് മരിച്ചവരുടെ എണ്ണം 18 ആണ്. ഓരോ അഞ്ച് വര്‍ഷത്തിലും ഡെങ്കുപ്പനി പകര്‍ച്ച തീവ്രമാവുന്നതിനാല്‍ ഇത്തവണയും അനിയന്ത്രിതമായ തോതില്‍ അതുണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ആശങ്ക. അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
മെയ് മാസത്തില്‍ മാത്രം 126 എലിപ്പനി കേസുകള്‍ റിപപോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ മരിച്ചു. 903 എലിപ്പനി കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 43 പേര്‍ മരിച്ചു. വെള്ളിയാഴ്ച പോലും 34 ഹെപ്പറ്റൈറ്റിസ് എ കേസുകളും, ഏഴ് എലിപ്പനി കേസുകളും, 37 ഡങ്കു കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇങ്ങനെ പോവുമ്ബോള്‍ സര്‍ക്കാരും ജനങ്ങളും കാര്യക്ഷമമായി ഇടപെടണമന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മഴക്കാല പൂര്‍വ ശുചീകരണങ്ങളില്‍ നിന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പിന്‍വലിഞ്ഞതാണ് ഡെങ്കുവും എലിപ്പനിയും വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.
.jpg)
0 Comments