
ഇൻഷാദ് സജീവ്
ഇന്നത്തെ പത്രം ഒന്ന് കണ്ണോടിച്ചാൽ തന്നെ ഓണക്കാലത്ത് കേരളത്തിൽ ലഭ്യമാകുന്ന ശരാശരി ഓഫറുകളുടെ ആകെ തുക അറിയാൻ കഴിയും. ചിലയിടത്ത് ഒരു മൊബൈൽ വാങ്ങിയാൽ ഉറപ്പായ സമ്മാനമായി നൽകുന്നത് ആയിരങ്ങൾ വിലയുള്ള മിക്സിയും ഗ്രൈൻഡറും ഒക്കെയാണ്. വസ്ത്രശാലകളിലാണ് അതിനേക്കാൾ വലിയ പറ്റിപ്പ് നടക്കുന്നത് 1000 രൂപയ്ക്ക് വാങ്ങിയാൽ അത്രയും രൂപയ്ക്ക് തന്നെ ഫ്രീയായി തുണിത്തരങ്ങൾ വാങ്ങാം എന്നാണ് ചിലയിടങ്ങളിലെ പരസ്യം. സത്യത്തിൽ ഇതെല്ലാം പ്രബുദ്ധ മലയാളിയെ പറ്റിക്കാനുള്ള കച്ചവട തന്ത്രം ആണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല അതായത് നമ്മളെ അവർ പറ്റിക്കുന്നത് പലപ്പോഴും നമ്മൾ മാത്രം അറിയുന്നില്ല. ശരാശരി ഒരു മുഖ്യധാര മാധ്യമത്തിന്റെ പരസ്യ നിരക്ക് പത്തു വാക്കുകൾക്ക് 2500 രൂപ നിരക്കിന് മുകളിലാണ്. അപ്പോൾ ഒരു ഫുൾ പേജ് പരസ്യത്തിന്റെ നിരക്ക് വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ ലക്ഷങ്ങൾ മുടക്കി പത്രത്തിലും ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ലക്ഷങ്ങളും കോടികളും രൂപയുടെ പരസ്യങ്ങൾ നൽകിയാണ് ഓണക്കാലത്തെ കച്ചവടക്കാർ വരവേൽക്കുന്നത്. പറഞ്ഞുവരുന്നത് സാധാരണ ദിവസങ്ങളെക്കാൾ ഇരട്ടിയിലധികം ചിലവാണ് ഇത്തരക്കാർക്ക് ഉത്സവ സീസണുകൾ എന്നാണ്. പിന്നെ എങ്ങനെയാണ് ഇവർ ഇത്രയധികം കുറഞ്ഞ വിലയ്ക്കും ഓഫറുകൾ നൽകിയും സാധനങ്ങൾ വിറ്റഴിക്കുന്നത് എന്നാവും നിങ്ങൾ ചിന്തിക്കുന്നത് അതിലെ തന്ത്രം പറഞ്ഞുതരാം. (എല്ലാ കടകളും അങ്ങനെയാണെന്ന് ലേഖകന് അഭിപ്രായമില്ല)ഓണക്കാലത്ത് വിറ്റഴിക്കുന്ന അലക്കിയെടുത്ത തുണിത്തരങ്ങൾ
കടയിൽ കയറിയാൽ നിരവധി ഓണക്കാലങ്ങളുടെ ഓർമ്മകൾ നമുക്ക് ലഭിക്കും. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മാത്രമല്ല തെളിയിച്ചത് ചില കടകളിലെ തുണിത്തരങ്ങൾ കൂടിയാണ്. ഉത്സവ സീസണുകൾ വരുന്നതോടെ കടയിലെ പഴയ തുണിത്തരങ്ങൾ ചെന്നൈയിലേക്കാണ് പണ്ടുകാലത്ത് മാറ്റിയിരുന്നത് അവിടത്തെ അലക്ക് കേന്ദ്രങ്ങളിൽ വസ്ത്രം വീണ്ടും പുതുപുത്തൻ ആകും. ഈ കാലത്ത് അതിന് ആകെ വന്ന മാറ്റം ചെന്നൈയിലേക്ക് മാറ്റുന്ന പഴയ പതിവ് ഇപ്പോൾ മാറിയിട്ടുണ്ട് എന്നുള്ളത് മാത്രമാണ് കാരണം ഇത്തരം അലക്ക് കേന്ദ്രങ്ങൾ ഇപ്പോൾ കൊച്ചിയിലും കോഴിക്കോടും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്. അലക്കും കളറിങ്ങും കഴിഞ്ഞ് പുതിയ കവറുകളിലായി ബ്രാൻഡഡ് വസ്ത്രങ്ങളായി അവ മാറും. കഴിഞ്ഞ ഓണക്കാലത്ത് മാറ്റിവെച്ച വസ്ത്രമാണ് തന്റെ മുന്നിലിരിക്കുന്നതെന്ന് പോലും അറിയാതെ ചോദിക്കുന്ന വിലയും കൊടുത്ത് മലയാളി അത് വാങ്ങുകയും ചെയ്യും.
കമ്പനി പോലും അറിയാതെ വിറ്റഴിക്കുന്ന ടിവിയും മൊബൈലും മുതൽ ഫ്രിഡ്ജും മിക്സിയും വരെയുള്ള സെക്കൻഡ് ഹാൻഡ് സാധനങ്ങൾ
ചില ഉപകരണങ്ങൾ വാങ്ങിയതിനു ശേഷം അടിക്കടി കേടുപാടുകൾ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എങ്കിൽ നിങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിക്കോളൂ. ഉപകരണങ്ങളിൽ കേടുപാടുകൾ സംഭവിച്ചാൽ കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അത് നശിപ്പിക്കാൻ വരുന്ന ചിലവാണ്. ഈ ചിലവുകൾ ഒഴിവാക്കാനായി നിർമ്മാണത്തിലെ ന്യൂനതകൾ മൂലം കേടായ ഉപകരണങ്ങൾ പലതും പ്രമുഖ കച്ചവടക്കാർക്ക് സൗജന്യമായി തന്നെ നൽകാറാണ് പതിവ്. ഇവ പേരുകേട്ട ടെക്നീഷ്യന്മാരെ വച്ച് ശരിയാക്കി അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി അതേ ബ്രാൻഡിൽ ഇവർ വിറ്റഴിക്കും. ഒരു കൊല്ലം മുതൽ രണ്ടു കൊല്ലം വരെയൊക്കെ വാറണ്ടി നൽകുന്ന സാധനങ്ങൾ വാങ്ങിച്ചു മാസങ്ങൾക്കുള്ളിൽ കേടാകുമ്പോൾ നമ്മൾ ഭയക്കാറില്ല. കമ്പനിയോ ഡീലറോ ഇടപെട്ട് സർവീസ് ലഭിക്കുകയും ചെയ്യും. രണ്ടു കൊല്ലം വരെയും ചിലപ്പോൾ സർവീസ് ലഭിച്ചെന്നും വരും. അതു കഴിഞ്ഞാൽ സർവീസ് ലഭിക്കുകയില്ല എന്നുള്ളതിനാലും ഭാരിച്ച സർവീസ് ചിലവും അത് ഉപേക്ഷിക്കാൻ നമ്മളെ നിർബന്ധിതരാകും. ഇത്തരം ഉപകരണങ്ങൾ വിൽക്കുന്നതിന് യാതൊരു തടസ്സവും ആർക്കുമില്ല. ഇത്തരം ഉപകരണങ്ങൾ റീഫർബിഷഡ് എന്ന പേരിൽ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ പ്രത്യേകമായി വിൽപ്പനയ്ക്കും വെച്ചിട്ടുണ്ട്. നമ്മുടെ മാർക്കറ്റിൽ ഇവർ സാധാരണ സമയങ്ങളിൽ കാണാറില്ലെങ്കിലും ഉത്സവ സീസണുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
തുടരും...
0 Comments