
സ്വന്തം ലേഖകൻ
പ്രാക്കുളം : സാമ്പ്രാണിക്കോടി തുരുത്തിലേക്ക് മണലിൽ ക്ഷേത്രക്കടവിൽ നിന്നുള്ള ബോട്ട് സർവ്വീസ് ആരംഭിച്ചു. പുതിയ ബോട്ട് സർവീസിന്റെ ഔപചാരിക ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി നിർവഹിച്ചു. പുതിയ ഡി.റ്റി.പി.സി കൗണ്ടർ അനുവദിക്കണമെന്ന ആവശ്യത്തിൽ അധികൃതരുമായി കളക്ടറുടെ നേത്യത്വത്തിൽ ഈ വർഷം മാർച്ചിൽ ചർച്ച നടന്നിരുന്നു. ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐ.എ.എസ് -ൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലായിരുന്നു അധികൃതരും വിവിധ പ്രതിനിധികളുമായി ചർച്ച നടന്നത്. ഇതിൽ അനുകൂല തീരുമാനം ഉണ്ടായതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽകുമാർ, വാർഡ് മെമ്പർ മഞ്ജു, അഞ്ചാലുംമൂട് എസ്.എച്ച്.ഒ ധർമജിത്ത് പി.എസ്. ഡിടിപിസി അധികൃതർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. അതേ സമയം, കൗണ്ടർ അനുവദിക്കുന്ന കാര്യത്തിൽ ഡി.റ്റി.പി.സി എതിർ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് പ്രദേശവാസികളും സംയുക്ത സമിതിയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പ്രതിനിധികളുമായി ചർച്ച നടത്തിയത്. അതേ സമയം, ചർച്ച സംബന്ധിച്ച് ഒദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
0 Comments