
ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് : അഷ്ടമുടിക്കായലിന്റെ ദൃശ്യമാധുരി നേരിട്ട് ആസ്വദിക്കാൻ കൊല്ലം സാമ്പ്രാണിക്കോടി തുരുത്തിലേക്ക് എത്തിയവർ നിരാശയോടെ മടങ്ങി. മണലിൽ ക്ഷേത്രത്തിന് സമീപത്തെ കടവിൽ പുതിയ ബോട്ടിംഗ് സെൻറർ ആരംഭിച്ചതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ തുടർ സംഘർഷ സാഹചര്യം ഒഴിവാക്കാനായാണ് പോലീസ് ബോട്ടിംഗ് ഇന്നലെ മുതൽ നിർത്തി വെപ്പിച്ചത്. ഇതറിയാതെ സാമ്പ്രാണിക്കോടിയിലേക്ക് എത്തിയ സഞ്ചാരികൾ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ മടങ്ങി.
കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ബോട്ടിങ്ങിനായി ഡിടിപിസി പ്രാക്കുളം മണലിൽ ക്ഷേത്രത്തിന് സമീപത്തെ കടവിൽ ടിക്കറ്റ് കൗണ്ടർ ആരംഭിച്ചത്. ഇന്നലെ (ഒക്ടോബർ 1) മുതൽ കൗണ്ടറിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ ഡിടിപിസി കോൺട്രാക്ട് ബോട്ട് ഓണേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോട്ടുകൾ സർവീസിന് ഇറക്കാതെ പ്രതിഷേധിച്ചു. പ്രതിഷേധം അവഗണിച്ച് മണലിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തവരെ അവിടെയുണ്ടായിരുന്ന 2 ബോട്ടുകളിലായി സാമ്പ്രാണിക്കോടി തുരുത്തിലേക്ക് എത്തിച്ചെങ്കിലും പ്രതിഷേധക്കാർ ഇവരെ തുരുത്തിലിറങ്ങാൻ സമ്മതിച്ചില്ല. ഇതോടെ യാത്രക്കാരെ തിരികെ കടവിലെത്തിച്ച് പണം തിരികെ നൽകുകയായിരുന്നു.
പിന്നാലെ സ്ഥലത്തെത്തിയ പോലീസ് അധികാരികൾ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയെങ്കിലും ഇരു വിഭാഗവും വഴങ്ങിയില്ല. പിന്നാലെ ഇവരുടെ പ്രതിനിധികളുമായി കൊല്ലം എ സി പി ഷെരീഫിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ വൈകിട്ട് യോഗം ചേർന്നെങ്കിലും ഏകോപന തീരുമാനത്തിലെത്താതെ ചർച്ച പിരിഞ്ഞു. ഇതോടെ വിഷയത്തിൽ ജില്ലാ കലക്ടർ യോഗം വിളിച്ച് ചേർത്ത് തീരുമാനം ഉണ്ടാകുന്നത് വരെ സാമ്പ്രാണിക്കോടിയിലേക്കുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകുകയായിരുന്നു.
0 Comments