banner

'ഡാൻസ് കളിച്ചപ്പോൾ പാട്ട് നിന്നു, കളിയാക്കി ചിരിച്ചതിന് പ്രതികാരം'; ട്യൂഷൻ സെന്ററിലുണ്ടായ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി; 15-കാരന് ഗുരുതരപരിക്ക്

 

താമരശേരി : ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയും താമരശേരി ചുങ്കം പാലോറക്കുന്ന് സ്വദേശി ഇക്‌ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസ് (15) തലയ്ക്ക് സാരമായി പരിക്കേറ്റത്.

സംഭവം കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ട്യൂഷൻ സെന്ററിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടിയിലായിരുന്നു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിനിടെ പാട്ട് പ്രശ്നമാകുകയായിരുന്നു. ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് നിലച്ചപ്പോൾ താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ ചില വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതിൽ നൃത്തം ചെയ്‌തിരുന്ന പെൺകുട്ടി ദേഷ്യം പ്രകടിപ്പിക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. അദ്ധ്യാപകർ വിദ്യാർത്ഥികളെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം തുടരുകയായിരുന്നു.

സംഭവത്തിന് ശേഷം എംജെ സ്കൂളിലെ വിദ്യാർത്ഥികൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തിയ ശേഷം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ട്യൂഷൻ സെന്ററിന് സമീപം കൂടിവരാൻ ആഹ്വാനം ചെയ്തു. അവിടെ എത്തിയ 15 വിദ്യാർത്ഥികളാണ് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിനിടയിലാണ് മുഹമ്മദ് ഷഹബാസ് തലയ്ക്ക് പരിക്കേറ്റത്.

വ്യക്തമായ പരിക്കുകൾ പുറത്തേക്ക് കാണാനാകാതിരുന്നതിനാൽ കൂട്ടുകാർ ഷഹബാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടുകാർ കുട്ടിയെ തളർന്ന് കിടക്കുന്ന നിലയിൽ കണ്ടതിനെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഷഹബാസ് ഇപ്പോൾ കോമയിലാണ്.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments