ലഖ്നൗ : വയറുവേദനയ്ക്കു പരിഹാരം തേടി യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം ശസ്ത്രക്രിയ ചെയ്യാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് വിചിത്ര സംഭവമുണ്ടായത്. 32കാരനായ രാജാ ബാബു ചികിത്സയിലാണ്. പല ഡോക്ടർമാരെ സമീപിച്ചിട്ടും വയറുവേദന മാറാത്തതിനാൽ സ്വയം ശസ്ത്രക്രിയ നടത്താൻ രാജാ ബാബു തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബ് വീഡിയോകൾ കണ്ടതിനുശേഷം, മെഡിക്കൽ സ്റ്റോറിൽ നിന്ന് സർജിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങി വീടിൽ ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചു.
ബുധനാഴ്ച തന്റെ മുറിക്കുള്ളിലാണ് ശസ്ത്രക്രിയ ആരംഭിച്ചത്. എന്നാൽ, അനസ്തേഷ്യയുടെ പ്രഭാവം കുറയുകയും കടുത്ത വേദന അനുഭവപ്പെടുകയും അവസ്ഥ മോശമാവുകയും ചെയ്തു. സഹനശക്തി തകർന്ന രാജാ ബാബു നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയപ്പോൾ കുടുംബാംഗങ്ങൾ ഓടിയെത്തി ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 18 വർഷങ്ങൾക്ക് മുൻപ് അപ്പെൻഡിക്സ് ശസ്ത്രക്രിയ ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും നിരവധി ഡോക്ടർമാരെ കണ്ടിട്ടും ആശ്വാസമില്ലാത്തതിനാൽ സ്വയം ചികിത്സിക്കാൻ തീരുമാനിച്ചതാണെന്നും സഹോദരിയുടെ മകൻ രാഹുൽ പറഞ്ഞു. നിലവിൽ രാജാ ബാബു ആഗ്രയിലെ എസ്.എൻ ആശുപത്രിയിൽ ചികിത്സയിലാണ്.

0 Comments