banner

ഓടിനടന്ന് നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം; കടിയേറ്റത്ത് പ്രദേശത്തെ 77 ഓളം പേർക്ക്, പിന്നാലെ മരിച്ച നിലയിൽ


മാവേലിക്കര : മാവേലിക്കരയിലും സമീപ പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലുള്ള എഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. കടിച്ചതിന് ശേഷം കണ്ണമംഗലത്ത് പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയെ നേരത്തെ നാട്ടുകാർ ചേർന്ന് കുഴിച്ചിട്ടിരുന്നു. പിന്നീട് നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായയുടെ ശവം പുറത്തെടുത്ത് പരിശോധനയ്ക്കായി അയച്ചതായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് മാവേലിക്കര നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 3 വയസ്സുകാരി ഉൾപ്പെടെ 77 പേർക്ക് നായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, എ.ആർ. ജംഗ്ഷൻ, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂർ, പറക്കടവ്, പനച്ചമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കടിച്ച നായയെ കണ്ടെത്താൻ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവിൽ ചത്ത നിലയിൽ കണ്ടെത്തിയ നായയെ ചിലർ കുഴിച്ചുമൂടി. പോസ്റ്റ്മോർട്ടം നടപടികൾ ഇല്ലാതെ കുഴിച്ചുവെച്ചതിനെതിരെ നാട്ടിൽ പ്രതിഷേധം ഉയർന്നു. തുടർന്ന് നായയുടെ മൃതദേഹം പുറത്ത് എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

നിലവിൽ മാവേലിക്കര വെറ്റിനറി സർജൻ ഡോ. ആർ. അജിയുടെ നേതൃത്വത്തിൽ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗൺ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ കടിയേറ്റ സാഹചര്യത്തിൽ ചില നായകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. എന്നാൽ നൂറുകണക്കിന് നായകൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. തെരുവ് നായകളുടെ എണ്ണത്തിൽ കൂടുതലുള്ള മാവേലിക്കരയിൽ ഇവരെല്ലാം വാക്സിനേറ്റ് ചെയ്യുക വലിയ വെല്ലുവിളിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത് ജനങ്ങളിൽ വലിയ ആശങ്കയും ഭീതിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചത്തനായയ്ക്ക് പേവ്യാധിയുണ്ടെന്നത് ലാബിന്റെ പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. വിശദമായ പരിശോധനാ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭ്യമാകുമെന്നാണ് അറിയിപ്പ്. പേവ്യാധിയുള്ള നായ സഞ്ചരിച്ച പ്രദേശങ്ങളിൽ കൂടുതൽ നായകൾക്ക് വാക്സിനേഷൻ നൽകുന്ന നടപടികൾ ഇന്നു മുതൽ ശക്തമാക്കുമെന്നും ഇതിനായി ഡോഗ് ക്യാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ആക്ടിംഗ് ചെയർപേഴ്സൺ ടി. കൃഷ്ണകുമാരി അറിയിച്ചു.

Post a Comment

0 Comments