കേരളത്തിലെ പുതിയ മദ്യനയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ടൂറിസം മേഖലയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നിരവധി ഇളവുകൾ ഉൾപ്പെടുത്തിയതെന്ന് സർക്കാർ അറിയിച്ചു.
ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുമതി: ഇനി മുതൽ ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് ഒന്നാം തീയതികളിൽ മദ്യം വിളമ്പാൻ അനുമതി ലഭിക്കും. ടൂറിസം കോൺഫറൻസുകൾ, മറ്റു പരിപാടികൾ തുടങ്ങിയവയ്ക്കായി ബുക്കിംഗ് നടത്തിയ ഹോട്ടലുകൾക്ക് എക്സൈസ് കമ്മീഷണറോട് അപേക്ഷിച്ച് അരലക്ഷം രൂപ ഫീസ് അടച്ചാൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാനാകും.
വിനോദസഞ്ചാര യാനങ്ങളിൽ മദ്യം: ക്രൂയിസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ക്ലാസ്സിലുളള യാനങ്ങളിൽ മദ്യം വിളമ്പാൻ ഇനി മുതൽ അനുമതിയുണ്ട്. ക്ലാസ്സിഫിക്കേഷൻ അടിസ്ഥാനത്തിലാണ് അനുമതി നൽകുക. ഹൗസ് ബോട്ടുകൾക്ക് ഈ ഇളവ് ബാധകമല്ല.
കള്ള് വിളമ്പുന്നതിനും കയറ്റുമതിക്കും അനുമതി: ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് കള്ള് വിളമ്പാനും, അതിനായി നൽകിയിരിക്കുന്ന റേഞ്ചിൽ ഉള്ള കള്ള് ഷാപ്പുകളിൽ നിന്ന് കള്ള് വാങ്ങാനും അനുമതി നൽകും.
കുപ്പിയിലാക്കിയ കള്ളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്. കള്ള് ഷാപ്പുകൾക്ക് സമീപമുള്ള ഭക്ഷണശാലകൾക്കും കള്ള് വിളമ്പാനുള്ള അനുമതി ലഭിക്കും.
ബാർ ലൈസൻസ്, സമയം, ഫീസ്: ബാറുകളുടെ പ്രവർത്തന സമയത്തിൽ യാതൊരു മാറ്റവുമില്ല. ബാർ ലൈസൻസ് ഫീസിലും വർധനയില്ല.
തൊഴിലാളി സംഘങ്ങൾക്ക് കള്ള് ഷാപ്പുകൾ കൈമാറാം: ലേലത്തിൽ വിറ്റുപോകാതെ ശേഷിക്കുന്ന കള്ള് ഷാപ്പുകൾ തൊഴിലാളികളുടെ കൂട്ടായ്മകൾക്ക് കൈമാറി നടത്താനുമുള്ള അനുമതിയും പുതുക്കിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
0 Comments