തിരുവനന്തപുരം : സംസ്ഥാനത്തിൽ ഇന്ന് പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് ഈ ജില്ലകളിൽ സാധ്യത പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യങ്ങളെയാണ് ശക്തമായ മഴയെന്ന പേരിൽ കണക്കാക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഈ ജില്ലകളിൽ പൊടിച്ചൊരിയുന്ന മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് ഉണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിനുമുകളിലുണ്ടായ ന്യൂനമർദ്ദം മൂലമാണ് കേരളത്തിൽ വേനൽമഴയുടെ ലഭ്യതയിൽ വർധനവ് അനുഭവപ്പെടുന്നത്. ഈ ന്യൂനമർദ്ദം ഏപ്രിൽ 8 വരെ വടക്കുപടിഞ്ഞാറൻ ദിശയിലേക്കും പിന്നീട് അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കുഭാഗത്തേക്കുമായി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഏപ്രിൽ 11 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും, അതിനായി ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥ വകുപ്പ് നിർദേശിച്ചത്.
0 Comments