തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കണക്കാക്കപ്പെടുന്നു. നാളെ മുതൽ ഏപ്രിൽ 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
അതേസമയം, തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെ നാളെ ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ കടലാക്രമണ സാധ്യത ഉയർന്നതായും 1.0 മുതൽ 1.1 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാത്രി 8.30 മുതൽ ഏപ്രിൽ 12 രാത്രി 11.30 വരെ കന്യാകുമാരി തീരത്തും 1.2 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്നതിനാൽ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിന്റെയും പശ്ചാത്തലത്തിൽ കടലിലേക്ക് ഇറങ്ങുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചുകളിലേക്കുള്ള വിനോദയാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ച് നിർത്തുന്നത് കൂട്ടിയിടികൾ ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ കൂടുതലായി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
0 Comments