banner

കോളേജ് കാലം മുതലുള്ള പ്രണയം; വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ യുവാവിനൊപ്പം ഒളിച്ചോടി; സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മകളെ പിതാവ് കൊലപ്പെടുത്തി


പാറ്റ്ന : മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിതാവായ മുകേഷ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ മുകേഷ് സിങ് ഏപ്രില്‍ ഏഴിനാണ് തന്റെ മകള്‍ സാക്ഷിയെ (25) കൊലപ്പെടുത്തിയത്. സാക്ഷി ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് പൊലീസ് അറിയിച്ചു. മാര്‍ച്ച് നാലിന് സാക്ഷിയും അതേ നാട്ടിലെ യുവാവും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. ഇരുവരും അയല്‍വാസികളായും ഒരേ കോളേജില്‍ പഠിച്ചവരുമായിരുന്നു. എന്നാൽ യുവാവ് മറ്റൊരു ജാതിയിലുളളയാളായിരുന്നതിനാൽ സാക്ഷിയുടെ കുടുംബം ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. കുടുംബത്തിലെ എതിർപ്പിനെ തുടർന്ന് ഇരുവരും ഡല്‍ഹിയിലേക്ക് പോയതായിരുന്നു.

തുടര്‍ന്ന് മുകേഷ് സിങ് മകളെ നിരന്തരം വിളിച്ച് വീട്ടിലേക്ക് തിരിച്ചുവരാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഇതിനനുസരിച്ച് മാതാപിതാക്കളെ കാണാനായി സാക്ഷി വീട്ടിലെത്തിയപ്പോഴാണ് മുകേഷ് സിങ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഭാര്യ മകളെ കാണാതെ വന്നതിനെ ചോദിച്ചപ്പോള്‍, അവള്‍ വീണ്ടും കാമുകനൊപ്പം പോയി എന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ ഭാര്യക്ക് സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൂട്ടിയിട്ട വാതില്‍ പൊളിച്ച് പരിശോധിച്ചു. തുടര്‍ന്ന് സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ മകളെ കൊലപ്പെടുത്തിയതാണെന്ന് മുകേഷ് സിങ് കുറ്റസമ്മതം നടത്തി. സാക്ഷിയുടെ കാമുകനെയും കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും, യുവാവ് സ്ഥലത്തില്ലായിരുന്നതിനാൽ ആ പദ്ധതി നടപ്പിലായില്ലെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments