ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം എപ്പോൾ സെന്റ് പീര്റേഴ്സ് ബസലിക്കയിലേക്ക് മാറ്റണം , സംസ്കാര തീയതി തുടങ്ങിയവ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ.
പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക.വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന പ്രത്യേക പ്രാർഥനയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
അതിനിടെ 2022 ജൂൺ 29ന് എഴുതിയ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. തന്റെ ജീവിതത്തിന്റെ സൂര്യാസ്തമയം അടുക്കുന്നു എന്ന വാക്കുകളിലാണ് പോപ്പിന്റെ മരണപത്രം തുടങ്ങുന്നത്. കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തിൽ പരാമർശിക്കുന്നതായി
വത്തിക്കാൻ അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂൻകൂറായി കൈമാറിയിരുന്നു. ആചാരങ്ങളുടെ ഭാഗമായി സാന്റ മാർത്തയിലെ പോപ്പിന്റെ വസതിയുടെ വാതിലുകൾ ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കർദിനാൾ കെവിൻ ഫാരലിന്റെ നേതൃത്വത്തിലാണ് വസതി മുദ്ര വച്ചത്.
പോപ്പ് ധരിച്ചിരുന്ന മോതിരം നശിപ്പിക്കാനും,പേപ്പൽ കോൺക്ലേവ് വിളിച്ച് ചേർക്കാനുമള്ള ചുമതല കർദിനാൾ കെവിൻ ഫാരലിനാണ് . 15 മുതൽ 20 ദിവസത്തിനുള്ളിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് സിസ്റ്റെൻ ചാപ്പലിൽ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കർദിനാൾമാരുടെ കോൺക്ലേവ് ചേരുക. വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പേരും ചിത്രവും മാറ്റി. സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന് അർഥമുള്ള അപ്പോസ്തോലിക സെഡ്‌സ് വേക്കന്റ് എന്നാണ് ഇപ്പോൾ ഹോം പേജിൽ കുറിച്ചിരിക്കുന്നത്.പക്ഷാഘാതവും ഹൃദയസ്തംഭനമാണ് ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണമെന്നും വത്തിക്കാൻ അറിയിച്ചു.
0 Comments