കൊല്ലം : പ്രമുഖ കോൺഗ്രസ് നേതാവും സംസ്ഥാന രാഷ്ട്രീയ രംഗത്ത് ബഹുമാനത്തോടെയും അംഗീകാരത്തോടെയും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വവുമായ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഇന്ന് (2025 ഏപ്രിൽ 11, വ്യാഴാഴ്ച) പുലർച്ചെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെക്കാലമായി അസുഖം ബാധിച്ച് ചികിത്സയിൽ ആയിരുന്നു.
മുതിർന്ന നേതാവായ അദ്ദേഹം മുന്‍ കൊല്ലം ഡിസിസി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം മാത്രമല്ല, മാധ്യമ രംഗത്തും അദ്ദേഹം പ്രസക്തമായ ഇടപെടലുകൾ നടത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് എഡിറ്ററായി ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു.
സാമൂഹിക-സാംസ്‌കാരിക വളർച്ചക്ക് സമർപ്പിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. സംസ്കാരം പിന്നീട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിന്നെല്ലാം ആഴമേറിയ അനുശോചനങ്ങളാണ് ഉയരുന്നത്.
0 Comments