2017 മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നു. അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്.
ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്.
ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്. രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
0 Comments