banner

പ്ലസ് വണ്ണിലേക്ക് അഡ്മിഷൻ: സംസ്ഥാനത്ത് ഇന്നുമുതല്‍ അപേക്ഷിച്ച് തുടങ്ങാം; അപേക്ഷിക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റ് വഴി


തിരുവനന്തപുരം : സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനു ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലു മുതല്‍ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

പ്ലസ് വൺ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും.

ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും. അതേസമയം പ്രതിഷേധവും വിവാദങ്ങളുമൊഴിവാക്കാൻ ഇക്കുറി പ്ലസ് വൺ പ്രവേശനത്തിനു മതിയായ സീറ്റുകൾ നേരത്തേ ഉറപ്പാക്കിയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുൻപുതന്നെ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ ക്രമീകരിച്ചു. എസ്എസ്എൽസി പാസായ എല്ലാവർക്കും ഉപരിപഠനസാധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് 4,24,583 പേരാണ് എസ്എസ്എൽസി വിജയിച്ചത്. പ്ലസ് വൺ-4,41,887, വിഎച്ച്എസ്ഇ-33,030 എന്നിങ്ങനെ 4,74,912 സീറ്റുകൾ ഹയർ സെക്കൻഡറി പ്രവേശനത്തിനായി ഒരുക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments