banner

അഷ്ടമുടിക്കായൽ ഒളിപ്പിക്കുന്ന അപകടം; സാമ്പ്രാണിക്കോടിയിൽ അനധികൃത വള്ളങ്ങളുടെ സർവ്വീസ് തുടരുന്നു - അഷ്ടമുടി ലൈവ് അന്വേഷണം


അഞ്ചാലുംമൂട് : സാമ്പ്രാണിക്കോടി തുരുത്തിനുള്ളിലെ അനധികൃത വള്ളങ്ങളിലൂടെയുള്ള യാത്രയ്ക്ക് പരിഹാരമില്ല. തുരുത്ത് ചുറ്റി കാണിക്കാമെന്ന പേരിലാണ് ഡിടിപിസിയുടെ ബോട്ട് മാർഗ്ഗം തുരുത്തിൽ എത്തുന്ന ആളുകളെ ഒരാൾക്ക് 100 രൂപ ഈടാക്കി പഴക്കം ചെന്ന മത്സ്യബന്ധന യാനങ്ങളിൽ കയറ്റിയുള്ള ഈ യാത്ര. അധികൃതരുടെ അനുമതിയില്ലാത്ത ഈ സർവ്വീസുകളിൽ പ്രാഥമിക സുരക്ഷാ സംവിധാനങ്ങളായ ലൈഫ് വെസ്സുകൾ പോലും യാത്രക്കാർക്ക് നൽകാറില്ല. മാത്രമല്ല അപകടം സംഭവിച്ചാൽ ഇത്തരം ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുമില്ല. ദേശീയ ജലപാതയ്ക്കായി മണ്ണെടുത്ത കായൽ പ്രദേശത്തുകൂടി 10 മുതൽ 25 വരെ ആളുകളെ കുത്തിനിറച്ചാണ് ഇത്തരം യാത്രകൾ. അനുവദനീയമായതിന്റെ ഇരട്ടിയാണിത്. ഒന്നിലധികം വള്ളങ്ങൾ നേരത്തെ എത്താറുണ്ടായിരുന്നെങ്കിലും ലാഭം മുൻനിർത്തി ഇപ്പോൾ പരസ്പരമുള്ള ധാരണ പ്രകാരം ടേൺ വ്യവസ്ഥയിലാണ് ഇവർ അനധികൃത സർവീസ് നടത്തുന്നത്. ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചെങ്കിലും പരിഹാരമില്ലെന്നാണ് നാട്ടുകാരും പൊതുപ്രവർത്തകരും പറയുന്നത്. ഡിടിപിസി അധികൃതർ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചിരുന്നതായും നടപടിയെടുത്തില്ലെന്നും ഒരു പൊതു പ്രവർത്തകൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

അധികൃതരുടെ മൗനാനുവാദം തുടരുന്നതിനാൽ തുരുത്തിൽ ബോർഡ് ഉൾപ്പെടെ സ്ഥാപിച്ചാണ് ഇപ്പോൾ സർവ്വീസ്. അപകട സാധ്യതയേറെയുള്ള മേരിലാൻ്റ് ഉൾപ്പെടെയുള്ള മറ്റ് തുരുത്തുകളിലേക്കും ഇത്തരം സ്വകാര്യ വ്യക്തികൾ അനധികൃത സർവ്വീസ് നടത്തുന്നുണ്ട്. കാലപ്പഴക്കം ചെന്ന ബോട്ടുകളായതിനാൽ അപകട സാധ്യത രണ്ടിരട്ടിയാണ്. പലതും കേടുപാടുകൾ ദൃശ്യമാകുന്ന വള്ളങ്ങളുമാണ്. മത്സ്യബന്ധനം നടത്തി പരിചയമുള്ളവരാണ് ഇവരെന്ന വാദം ഒരുപക്ഷം ഉന്നയിക്കുന്നുണ്ടെങ്കിലും ബോട്ട് നിയന്ത്രിക്കുന്നയാൾക്ക് അപകടത്തിൽപ്പെടുമ്പോൾ എങ്ങനെ മറ്റുള്ളവരെ രക്ഷപ്പെടുത്താനാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വിനോദ സഞ്ചാരികളായി ഇവിടേക്ക് എത്തുന്നവർക്ക് പലർക്കും അഷ്ടമുടിക്കായലിൻ്റെ പരിസ്ഥിതി നിശ്ചയമില്ലാത്തതിനാൽ വമ്പൻ കാഴ്ചകൾ ഓഫർ ചെയ്താണ് യാത്രക്കാരെ ഇവർ വലയിലാക്കുന്നത്. ഇങ്ങനെ കയറിയവരാകട്ടെ ഭീതിയിൽ രണ്ടാമത് ഒരു തവണ കൂടി ആ യാത്ര ആഗ്രഹിക്കുകയുമില്ല.  

താനൂർ പൂരപ്പുഴ അഴിമുഖത്ത് മുങ്ങി 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൻ്റെ വാർത്തകളും ഇതേ സാമ്പ്രാണിക്കോടിയിൽ 2022 ൽ തുരുത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന കഴിഞ്ഞ് മടങ്ങുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലും പെട്ട് വള്ളം മറിഞ്ഞ് പ്രാക്കുളം സ്വദേശിനി മരിച്ചതും കേരളം മറക്കാറായിട്ടില്ല. എന്നിട്ടും ഇത്തരമൊരു അപകട യാത്രയ്ക്ക് പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കഠിഞ്ഞാണിടാൻ വൈകുന്നുവെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇത്തരത്തിൽ സർവീസ് നടത്തുന്നതിൽ ടൂറിസം സാധ്യതയുണ്ടെങ്കിൽ അവ പരിശോധിച്ച് ഡിറ്റിപിസി ഇടപെട്ട് ഇവർക്ക് പരിശീലനം നൽകി ലൈഫ് വെസ്റ്റുകൾ പോലുള്ള സുരക്ഷാ സാമഗ്രികൾ ഉൾപ്പെടെ നിർബന്ധമാക്കി അംഗീകൃത ഡിടിപിസി സെൻ്ററുകളായ സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ തുടങ്ങിയവയിൽ നിന്ന് ടിക്കറ്റ് സംവിധാനത്തിലൂടെ സർവ്വീസ് നടത്തട്ടെയെന്നാണ് പൊതുപ്രവർത്തകരുടെ അഭിപ്രായം. മാത്രമല്ല ബോട്ടുകളുടെ കാലപ്പഴക്കവും ഓടിക്കുന്നവരുടെ ലൈസൻസും പ്രധാന വിഷയമാണ്. അധികൃതർ വിഷയത്തെ ഗൗരവകരമായി സമീപിച്ച് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, അനധികൃത ബോട്ട് സർവീസിന്റെ ചിത്രങ്ങളും വീഡിയോകളും ചിലർ ശ്രദ്ധയിൽപ്പെടുത്തിയതായി ഡിടിപിസി സെക്രട്ടറി പ്രതികരിച്ചു. കനാൽ ഓഫീസർക്കും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓയ്ക്കും വിവരം കൈമാറിയെന്നും ആവശ്യമായ നടപടികൾ കൂടിയാലോചനകൾക്കു ശേഷം സ്വീകരിക്കുമെന്നും ഡിടിപിസി സെക്രട്ടറി വ്യക്തമാക്കി.

Post a Comment

0 Comments