banner

നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ആഡംബര ഹോട്ടലായ തേവള്ളി റാവിസിലെ ജീവനക്കാരുടെ അടിയേറ്റതായി നടൻ പോലീസിനോട്; അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ സംഭവിച്ചത് ഇങ്ങനെ


അഞ്ചാലുംമൂട് : നടൻ വിനായകനെ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തേവള്ളിയിലെ റാവിസ് ഹോട്ടലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.30 മണിയോടെയാണ് നടൻ വിനായകനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിന് സമീപം പ്രശ്നമുണ്ടാകുന്നുവെന്ന വിവരം കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന്, വിവരം അഞ്ചാലുംമൂട് പൊലീസിലേക്ക് കൈമാറി. തുടർന്ന് പെട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും സംഘവും സ്ഥലത്തെത്തി വിനായകനെ കസ്റ്റഡിയിലെടുത്തു.

പിന്നീട് തൃക്കടവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ വിനായകൻ പോലീസിനോട് ഉച്ചത്തിൽ സംസാരിക്കുകയും പ്രകോപിതനാവുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരിശോധന പൂർത്തിയാക്കിയശേഷം പോലീസ് വിനായകനെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ അദ്ദേഹം, “എന്തിനാണ് എന്നെ ഇവിടെ പിടിച്ചുവച്ചിരിക്കുന്നത്? ഹോട്ടൽ ജീവനക്കാരാണ് തന്നെ മർദ്ദിച്ചത്” എന്നാണ് പോലീസിനോട് പറഞ്ഞത്.

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് തുടർന്ന് വിനായകനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചപ്പോഴും വിനായകൻ സഹകരിച്ചില്ല. തനിക്കെതിരെ നടപടി എടുത്തപോലെ തന്നെ ഹോട്ടൽ ജീവനക്കാരെതിരെയും കേസ് എടുക്കണമെന്നും, അതിനുശേഷം മാത്രമേ സ്ഥലത്ത് നിന്ന് പോകുവെന്നും അദ്ദേഹം വ്യക്തമാക്കി.

നടനെ അനുനയിപ്പിക്കാൻ പൊലീസ്, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെ വിവരം അറിയിക്കുകയും വൈകിട്ടോടെ വിനായകനെ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയി. നിലവിൽ വിനായകൻ ഉന്നയിച്ച ഹോട്ടൽ ജീവനക്കാർക്കെതിരായ മർദ്ദനാരോപണത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. നടൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments